വന്യമൃഗ ശല്യം; കേരളവും കർണാടകയും സഹകരണ ചാർട്ടറിൽ ഒപ്പുവെച്ചു

കേരള-കർണാടക വനംവകുപ്പ് മന്ത്രിമാരാണ് ചാർട്ടറിൽ ഒപ്പിട്ടത്. കരാറിന്റെ ഭാഗമായി വന്യമൃഗ ശല്യത്തിൽ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തർ സംസ്‌ഥാന ഏകോപന സമിതിയും രൂപവൽക്കരിക്കും.

By Trainee Reporter, Malabar News
Chimmini WildLife Sanctuary
Representational image
Ajwa Travels

ബന്ദിപ്പൂർ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, പ്രശ്‌നപരിഹാരത്തിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്‌ഥാന സഹകരണ ചാർട്ടറിൽ ഒപ്പിട്ടു. കേരള-കർണാടക വനംവകുപ്പ് മന്ത്രിമാരാണ് ചാർട്ടറിൽ ഒപ്പിട്ടത്. കരാറിന്റെ ഭാഗമായി വന്യമൃഗ ശല്യത്തിൽ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തർ സംസ്‌ഥാന ഏകോപന സമിതിയും രൂപവൽക്കരിക്കും.

വന്യമൃഗ ശല്യം പെരുകിയ സാഹചര്യത്തിൽ ബന്ദിപ്പൂരിൽ നടത്തിയ കേരളം, കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുടെ കോ-ഓർഡിനേഷൻ യോഗത്തിലാണ് തീരുമാനം. മൂന്ന് സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ, മുതുമലൈ, നാഗർഹോള, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്. വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേർന്നത്.

തമിഴ്‌നാട് വനംമന്ത്രി എം മതിവേന്ദർ യോഗത്തിൽ എത്താത്തതിനാൽ ഒപ്പിട്ടിട്ടില്ല. തമിഴ്‌നാട് മുതുമലൈ ഫീൽഡ് ഡയറക്‌ടറായ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്‌ഥനാണ് യോഗത്തിൽ പങ്കെടുത്തത്. കേരള വനംമന്ത്രിയായ എകെ ശശീന്ദ്രൻ, കർണാടകയുടെ ഈശ്വർ ഖണ്ഡ്രെ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്.

മനുഷ്യ- വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക, വന്യമൃഗ ശല്യത്തിന്റെ അടിസ്‌ഥാന കാരണം കണ്ടെത്തുക. പ്രശ്‌നം ലഘൂകരിക്കുന്നതിനുള്ള വഴികൾ തേടുക, പ്രശ്‌നങ്ങളിൽ നടപടി എടുക്കുന്നതിൽ കാലതാമസം ഒഴിവാക്കുക, അതിവേഗ ഇടപെടലിന് നടപടി, വിഭവ സഹകരണം, വിവരം വേഗത്തിൽ കൈമാറൽ, വിദഗ്‌ധ സേവനം ഉറപ്പാക്കൽ, വിഭവശേഷി വികസനം, അടിസ്‌ഥാന രഹിത സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടൽ തുടങ്ങിയവയാണ് ചാർട്ടറിൽ ഉൾപ്പെടുത്തിയ നാല് ലക്ഷ്യങ്ങൾ.

കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊണ്ട് വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള സാഹചര്യമല്ല ഇന്നുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണം ഉണ്ട്. എന്നാൽ, അവർ പാലിക്കേണ്ടതായ നിരവധി മാനദണ്ഡങ്ങൾ ഉണ്ട്. വന്യജീവി സംഘർഷങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര നിയമത്തിൽ നിരവധി ഭേദഗതികൾ വരുത്തേണ്ട ആവശ്യം ഉണ്ട്.

പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യത്തിന് ഫണ്ട് സംസ്‌ഥാനങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിന് ഉണ്ട്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഇല്ല എന്നത് കേരളത്തിന്റെ മാത്രം പ്രതിസന്ധിയില്ല, മൂന്ന് സംസ്‌ഥാനങ്ങളും നേരിടുന്നുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

Most Read| പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 15ന് പാലക്കാട് റോഡ് ഷോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE