പാലക്കാട്: സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ ആരോപണങ്ങളാണ് തനിക്കെതിരെ ഉള്ളതെന്ന് ഡോ. പ്രഭുദാസ്. തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്‌ഥലത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
സർക്കാരിനൊപ്പം നിൽക്കേണ്ടവരാണ് പദ്ധതികൾക്ക് തുരങ്കം വെച്ചത്. താൻ ഈ സംവിധാനത്തിനൊപ്പം നിൽക്കുന്നയാളാണ്. സ്‌ഥാപനത്തെ നശിപ്പിക്കാൻ നോക്കിയവരെ കണ്ടെത്തണം. ആശുപത്രി നന്നാക്കിയതിന് കുറ്റക്കാരനാണെങ്കിൽ ആ ശിക്ഷ ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നല്ലൊരു ചികിൽസാ സംവിധാനം താൻ വരുമ്പോൾ അട്ടപ്പാടിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ അതിനെ നല്ല നിലയിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞു. പകരക്കാരനായി വരുന്നയാൾ നല്ലയാളാണ്. കൂടുതൽ ഉയരത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്‌ദുള്‍ റഹ്‌മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.
സ്‌ഥലം മാറ്റിയതിന് പിന്നാലെയാണ് ഡോ. പ്രഭുദാസിന്റെ പ്രതികരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്‌ഥലം മാറ്റിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്‌ഥലം മാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.
ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്‌താവന. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
മന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശന സമയത്ത് അട്ടപ്പാടി നോഡൽ ഓഫിസറായ തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എത്തുന്നതിന് മുമ്പ് എത്താൻ മാത്രമാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് തിടുക്കമെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
Read Also: പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ്