പത്തനംതിട്ട: ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരൻ പ്രതിയായ ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ ശ്രമം. കുമ്മനം ഉൾപ്പടെ 9 പേരെ പ്രതി ചേർത്തിട്ടുള്ള കേസിൽ സാമ്പത്തിക തട്ടിപ്പിന് പുറമേ വിശ്വാസ വഞ്ചനക്കും ആറൻമുള പോലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിന് ബിജെപി നേതൃത്വം മുന്നിട്ടിറങ്ങിയത്.
പ്ളാസ്‌റ്റിക് രഹിത കോട്ടൺ മിക്‌സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ആറൻമുള സ്വദേശിയായ സി.ആർ ഹരികൃഷ്‌ണന്റെ കയ്യിൽ നിന്ന് 30 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നതാണ് കേസ്. കുമ്മനത്തിന്റെ പി.എ പ്രവീൺ പിള്ളയാണ് ഒന്നാം പ്രതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കുമ്മനം തട്ടിപ്പുകേസിൽ അകപ്പെട്ടതിന്റെ ആശങ്കയിലാണ് ബിജെപി നേതൃത്വം. കുമ്മനം നാലാം പ്രതിയായ കേസ് മറ്റ് നിയമനടപടികളിലേക്ക് നീങ്ങുന്നതിന് മുമ്പ് തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഹരികൃഷ്‌ണന് പണം തിരികെ നൽകാനാണ് തീരുമാനം. ന്യൂ ഭാരത് ബയോ ടെക്‌നോളജീസ് ഉടമ വിജയൻ പരാതിക്കാരന് പണം തിരികെ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ രാഷ്‌ട്രീയ സമ്മർദമുണ്ടെന്നും സൂചനയുണ്ട്.
ഹരികൃഷ്‌ണനെ കമ്പനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയതിന് ശേഷം പങ്കാളിത്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയിരുന്നില്ല. പണം മടക്കി ചോദിച്ചപ്പോൾ ഘട്ടം ഘട്ടമായി 4 ലക്ഷം രൂപയാണ് ആകെ നൽകിയത്. ബാക്കി തുക കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് ഹരികൃഷ്‌ണൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
എന്നാൽ, തന്നെ രാഷ്‌ട്രീയമായി ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുള്ളതെന്ന് കുമ്മനം പറയുന്നു. പരാതി നൽകിയപ്പോൾ പ്രാഥമികമായി അന്വേഷിക്കാൻ പോലും പോലീസ് തന്നോട് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരനെ ദീർഘനാളായിട്ട് അറിയാമെങ്കിലും കമ്പനി ആരംഭിക്കുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് കുമ്മനം വ്യക്‌തമാക്കി. സാമ്പത്തിക ചർച്ചകൾ നടത്തിയിട്ടില്ലെന്നും വിഷയത്തിൽ പി.എ പ്രവീണിന്റെ പങ്കെന്താണെന്ന് അറിയില്ലെന്നും കുമ്മനം വിശദീകരിച്ചു.