കാസർഗോഡ്: സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി. സംസ്‌ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. കോൺഗ്രസ് അംഗം ചന്ദ്രൻ നാലാം വാതുക്കലിന്റെ പിന്തുണയോടെ മുസ്‌ലിം ലീഗിലെ ഹാരിസ് അങ്കക്കളരിയാണ് പ്രമേയം അവതരിപ്പിച്ചത്.
ഉദുമ പഞ്ചായത്തിലെ ഏഴോളം വാർഡുകളിൽ കൂടിയാണ് സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത്. പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്നും നൂറോളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിലാകുമെന്നാണ് പ്രമേയത്തിൽ പറയുന്നത്. അതേസമയം, ബിജെപി പിന്തുണയോടെ യുഡിഎഫ് പ്രമേയം പാസാക്കിയത് വികസന വിരുദ്ധമായ നീക്കമാണെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്‌മി പ്രതികരിച്ചത്.
നേരത്തെ യുഡിഎഫ് കാലത്ത് അതിവേഗ റെയിൽവേ പഠനത്തിനായി 28 കോടി മുടക്കിയ സർക്കാർ ആണ് ഈ പ്രമേയം കൊണ്ടുവരുന്നതെന്നും അവർ കുറ്റപ്പെടുത്തി. സർക്കാരിനെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം പാസാക്കിയത് ആദ്യ സംഭവമാണെന്നാണ് നേതാക്കൾ പ്രതികരിച്ചത്.
Most Read: പെഗാസസ് ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി