ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 26 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. അപകടത്തിൽ പരുക്കേറ്റ നാല് പേർ ചികിൽസയിലാണ്. അപകട സ്‌ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഇന്നലെ ആയിരുന്നു അപകടം.
മധ്യപ്രദേശിൽ നിന്ന് യമുനോത്രിയിലേക്ക് പോയ തീർഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. 30 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഉത്തരകാശി ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി.
അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്ര സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. സംസ്‌ഥാന ഭരണകൂടവും റെസ്‌ക്യൂ ടീമുകളും സ്‌ഥലത്ത് ഉണ്ടെന്നും കൺട്രോൾ റൂമിൽ എത്തിയ ശേഷം സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു.
Most Read: കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 4,270 പുതിയ കേസുകൾ