അനധികൃത റെയിൽവേ ഇ-ടിക്കറ്റ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

By News Desk, Malabar News
CBI takes over probe into use of illegal railway e-ticketing software
Representational Image
Ajwa Travels

ന്യൂഡെൽഹി: അനധികൃത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇ-ടിക്കറ്റ് വിറ്റഴിച്ച സംഭവത്തിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. നൂറുകണക്കിന് ഐആർസിടിസി (Indian Railway Catering and Tourism Corporation) അക്കൗണ്ടുകൾ ഉപയോഗിച്ച് ഒന്നിലധികം തവണ ഇ-ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് അനധികൃത സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാകുന്നത്. ഇതിനു പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വ്യാജ ടിക്കറ്റ് ബുക്കിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന് നേരത്തെ നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

ഇന്ത്യയിൽ തീവണ്ടി യാത്രക്കുള്ള ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് അവസരം നൽകുന്ന സ്‌ഥാപനമാണ് ഐആർസിടിസി. ഇന്റർനെറ്റ് സൗകര്യമുപയോഗിച്ച് ഐആർസിടിസിയുടെ വെബ്സൈറ്റ് മുഖേന ട്രെയിൻ ടിക്കറ്റ് ബുക്കുചെയ്യാൻ സാധിക്കും. ഇങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റിനെ ഇലക്‌ട്രോണിക് ടിക്കറ്റ് അഥവാ ഇ-ടിക്കറ്റ് എന്നാണ് പറയുന്നത്. ഇങ്ങനെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യേണ്ട ടിക്കറ്റുകളാണ് വ്യാജ സോഫ്റ്റ്‌വെയറുകളിലൂടെ വൻ തുകക്ക് വിറ്റഴിക്കുന്നത്.

യശ്വന്ത്പൂർ സൗത്ത് വെസ്‌റ്റേൺ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർപിഎഫ്) പോസ്‌റ്റ് കമാൻഡറുടെ നേതൃത്വത്തിലുള്ള സംഘം 2019 ഒക്ടോബർ 30 ന് ബംഗളൂരു നിവാസിയായ ഹനുമന്തരാജു എം എന്നയാളെ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. 37 ഐആർസിടിസി അക്കൗണ്ടുകൾ, ഒരു ലക്ഷം രൂപയോളം വരുന്ന 73 ഉപയോഗിക്കാത്ത ഇ-ടിക്കറ്റുകൾ, 3 ലക്ഷം രൂപക്ക് വിറ്റഴിച്ച ഇ-ടിക്കറ്റുകൾ എന്നിവ ഇയാളിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സിബിഐയിൽ തന്നെ പ്രവർത്തിച്ചിരുന്ന അജയ് ഗാർഗ് എന്നയാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു. ഒറ്റയടിക്ക് 800 മുതൽ 1000 താൽകാലിക ടിക്കറ്റുകൾ വരെ ഒറ്റയടിക്ക് ബുക്ക് ചെയ്യാവുന്ന തരത്തിൽ പ്രത്യേക സോഫ്റ്റ്‌വെയർ രൂപീകരിച്ച് അതിനെ ഐആർസിടിസി സൈറ്റുമായി ബന്ധിപ്പിച്ചായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. നിരവധി ആളുകൾ തട്ടിപ്പിന് ഇരയാവുകയും ചെയ്‌തിരുന്നു. ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്കകം ടിക്കറ്റ് തീർന്നുപോവുകയും ബുക്കിങ് നടത്തിയാൽ തന്നെ വെയ്റ്റിങ് ലിസ്‌റ്റിലായി പണം നഷ്‌ടപ്പെടുകയും ചെയ്‌തതാണ്‌ പലരുടെയും അനുഭവം. പരാതികൾ വ്യാപകമായതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

രാജ്യത്തെ പല സ്‌ഥലങ്ങളിലെയും ട്രാവൽ ഏജൻസികളും അനധികൃതമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ നിർമിച്ച് ഇത്തരത്തിൽ ട്രാവൽ ഏജൻസികൾക്കും മറ്റും വിൽക്കുകയും അത് വഴി വൻ തുക കമ്മീഷനായി കൈപറ്റുകയും ചെയ്യുന്ന വലിയൊരു ശൃംഖല രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്.

Also Read: ഓക്‌സ്‌ഫഡ് വാക്‌സിൻ; ഏപ്രിലോടെ ഇന്ത്യയിലെത്തും; രണ്ട് ഡോസിന് 1000 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE