കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ബിജെപി പുറത്തിറക്കിയ പുതിയ സ്‌ഥാനാർഥി പട്ടികക്കെതിരെയാണ് പ്രവർത്തകർ പൊട്ടിത്തെറിച്ചത്. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ പരിഗണിക്കാതെ പുറത്തു നിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
മാല്‍ഡ, നോര്‍ത്ത് 24 പാര്‍ഗനാസ്, ജല്‍പായ്ഗുരി, അസന്‍സോള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ തന്നെ ബിജെപി ഓഫീസ് തല്ലിത്തകര്‍ത്തു. നോര്‍ത്ത് 24 പാര്‍ഗനാസിലെ ദുംദുമില്‍ ബിജെപി ഓഫീസിന് മുന്നില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. മാല്‍ഡയിലും സമാന പ്രതിഷേധമുണ്ടായി. പല സ്‌ഥലങ്ങളിലും സ്‌ഥാനാർഥികൾക്ക് എതിരെ മുദ്രാവാക്യം വിളികളും ഉയർന്നു.
പണ്ടബേശ്വര്‍ നിയമസഭാ മണ്ഡലത്തിലെ സ്‌ഥാനാർഥി ജിതേന്ദ്ര തിവാരി തൃണമൂലിൽ ആയിരുന്നപ്പോള്‍ ബിജെപി പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുമായിരുന്നു എന്നും തിവാരിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും പ്രവർത്തകർ വ്യക്‌തമാക്കി. കാലങ്ങളായി ബിജെപിക്കായി പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കാത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്.
Read also: ‘ദുര്യോധനനെയും ദുശ്ശാസനനെയും വേണ്ട’; ബിജെപി നേതാക്കളെ രൂക്ഷമായി വിമർശിച്ച് മമത