കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി ഉൾപ്പടെയുള്ള ബിജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മമതാ ബാനര്‍ജി. കിഴക്കന്‍ മിഡ്‌നാപുരിലെ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി.
ബിജെപി നേതാക്കളെ ദുര്യോധനന്‍, ദുശ്ശാസനന്‍, മിര്‍ ജാഫിര്‍ എന്നെല്ലാമാണ് മമത വിശേഷിപ്പിച്ചത്. ‘ബിജെപിയോട് യാത്രാ മംഗളങ്ങള്‍ പറയൂ, നമുക്ക് ബിജെപി വേണ്ട, നാം മോദിയുടെ മുഖം കാണാന്‍ ആഗ്രഹിക്കുന്നില്ല. കലാപങ്ങള്‍, കൊളള, ദുര്യോധനന്‍, ദുശ്ശാസനന്‍, മിര്‍ ജാഫിര്‍ എന്നിവയൊന്നും നമുക്ക് വേണ്ട.’ മമത ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയെയും മമത വിമര്‍ശിച്ചു. തന്റെ മുദ്രാവാക്യം പ്രധാനമന്ത്രി അപഹരിച്ചതായി ആരോപിച്ച മമത മോദിയെ ‘കോപി ക്യാറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്.
കാലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് വീല്‍ചെയറിലാണ് മമതയുടെ പര്യടനം. മമതയുടെ പത്തുവര്‍ഷത്തെ ഭരണം അവസാനിക്കുക ആണെന്നും ഇനി വികസനം ആരംഭിക്കുമെന്നും വ്യാഴാഴ്‌ച ജനങ്ങളെ അഭിസംബോധന ചെയ്യവേ മോദിയും അഭിപ്രായപ്പെട്ടിരുന്നു.
Read Also: കുട്ടികൾക്കായി ഇൻസ്‌റ്റഗ്രാമിന്റെ ‘പ്രായം’ കുറച്ച് ഫേസ്ബുക്ക്