തിരുവനന്തപുരം: ഹിന്ദു വോട്ടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ മുഖ്യമന്ത്രി എകെ ആന്റണിയും നടത്തിയ പരാമർശത്തിൽ പ്രതികരിച്ചു സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചന്ദനക്കുറി തൊടുന്നവർ വിശ്വാസികൾ ആണെന്ന് അദ്ദേഹം പറഞ്ഞു. അവരെ ഉൾക്കൊള്ളിക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളത്. വിശ്വാസികൾ വർഗീയവാദികളല്ല, വർഗീയവാദികൾക്ക് വിശ്വാസവുമില്ല-എംവി ഗോവിന്ദൻ പറഞ്ഞു.
പല കോൺഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വം ആണ്. മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ല. കോൺഗ്രസ് ബിജെപിയുടെ ബി ടീമാണ്. കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. ഈ സമീപനം വെച്ചുകൊണ്ട് അവർക്ക് ബിജെപിയെ നേരിടാനാകില്ലെന്നും എംവി ഗോവിന്ദൻ കൊച്ചിയിൽ പറഞ്ഞു.
അതേസമയം, കുറി തൊടുന്നവരെയും അമ്പലത്തിൽ പോകുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞു മാറ്റിനിർത്തരുതെന്ന എകെ ആന്റണിയുടെ പ്രസ്‌താവനയെ ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കോൺഗ്രസ് അധികാരത്തിൽ മടങ്ങി വരണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ വേണമെന്ന എകെ ആന്റണിയുടെ പ്രസ്‌താവനയാണ് വിവാദം ഉണ്ടാക്കിയത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ മുരളീധരനും അടക്കം എകെ ആന്റണിയെ പിന്തുണച്ചപ്പോൾ കോൺഗ്രസ് സാമുദായിക സംഘടന അല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ചന്ദനക്കുറി ഇട്ടതുകൊണ്ടോ അമ്പലത്തിൽ പോയത് കൊണ്ടോ മൃദു ഹിന്ദുത്വമാകില്ല. അവരെ കൂടി ഉൾപ്പെടുത്തിയാലേ നരേന്ദ്രമോദിക്കെതിരായ പോരാട്ടം വിജയിക്കുകയുള്ളൂ. സിപിഎം ന്യൂനപക്ഷങ്ങളുമായി അടുക്കുകയും അവരുടെ ഹിന്ദു കേഡർ വോട്ടുകൾ അവരെ സഹായിക്കുകയും ചെയ്യുന്ന പശ്‌ചാത്തലത്തിൽ കോൺഗ്രസ് ഒറ്റപ്പെട്ടു പോകുന്നുവെന്ന തിരിച്ചറിവിലാണ് എകെ ആന്റണിയുടെ പ്രസ്‌താവന.
എന്നാൽ, ഇതിനെ എതിർത്ത് കൊണ്ടാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. സംസ്‌ഥാനത്തെ കോൺഗ്രസ് സംഘടനാ സംവിധാനം അടിമുടി നിർജീവാവസ്‌ഥയിൽ ആണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന നടന്നില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും. എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിന് ഉള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോട്ട് പറഞ്ഞു.
എന്നാൽ, എകെ ആന്റണിയുടെ പ്രസ്‌താവനയെ പിന്തുണക്കുകയാണ് വിഡി സതീശനും കെ മുരളീധരനും. എല്ലാ ഹിന്ദുക്കളും ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്. അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താൻ മുമ്പേ പറഞ്ഞതാണെന്നും ആന്റണിയെ പോലെ മുതിർന്ന നേതാവ് അത് പറഞ്ഞത് സന്തോഷകരമാണെന്നും സതീശൻ പറഞ്ഞു.
അതേസമയം, ശരിയായ രാഷ്‌ട്രീയമാണ് ആന്റണി പറഞ്ഞതെന്ന് കെ മുരളീധരനും പ്രതികരിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തും അമ്പലങ്ങളിൽ പോയിട്ടുണ്ട്. ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്ക് വിട്ടുകൊടുക്കുന്നത് സിപിഎമ്മാണെന്നും ആന്റണിയെ പിന്തുണച്ചു കെ മുരളീധരൻ പറഞ്ഞു. വിശ്വാസികൾക്ക് സ്‌ഥാനം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. മൃദുഹിന്ദുത്വം എന്ന വാക്ക് യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണ്. കുറി തൊടാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദുഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടിട്ടില്ലെന്നും മുരളീധരൻ പ്രതികരിച്ചു.
Most Read: ‘കലോൽസവങ്ങൾ ആർഭാടത്തിന്റെ വേദിയാകരുത്’; നിർദ്ദേശങ്ങളുമായി ഹൈക്കോടതി