കേരളത്തിലെ കോവിഡ്‌ വാക്‌സിൻ ‘ഡ്രൈ റൺ’ വിജയം; 3.13 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് ആദ്യം

By Desk Reporter, Malabar News
DRY RUN KERALA
Ajwa Travels

തിരുവനന്തപുരം: വാക്‌സിൻ നൽകുമ്പോൾ ആസൂത്രണത്തിലോ നടത്തിപ്പിലോ സംഭവിച്ചേക്കാവുന്ന ‘വെല്ലുവിളികൾ’ തിരിച്ചറിഞ്ഞ്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച്‌, വേണ്ട പരിഷ്‌കാരങ്ങൾ വരുത്താൻ കേരളത്തിലെ നാല് ജില്ലകളിൽ ശനിയാഴ്‌ച രാവിലെ 9 മുതൽ 11 വരെ നടന്ന ഡ്രൈ റൺ അഥവാ സാങ്കൽപിക വാക്‌സിനേഷൻ വൻവിജയം.

തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ‘ഡ്രൈ റണ്‍’ നടന്നത്. തിരുവനന്തപുരം പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെൻമാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ പൂർത്തീകരിച്ചത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കെടുത്തു.

വാക്‌സിൻ രജിസ്‌ട്രേഷൻ, സംഭരണം, ഒബ്‌സർവേഷൻ, പ്രസ്‌തുത വാക്‌സിന്റെ സ്വഭാവമനുസരിച്ച് അതിനെ സൂക്ഷിക്കുന്നതിലും, വാക്‌സിൻ സൂക്ഷിക്കാനായി സജ്‌ജീകരിച്ച സവിശേഷ സ്‌ഥലങ്ങളിൽ നിന്ന് വാക്‌സിൻ എടുത്ത് അത് കോവിഡ്‌ മാനദണ്ഡങ്ങൾ തെറ്റാതെ ഒരാളിൽ കുത്തിവെച്ച്, റിപ്പോർട്ട് ശേഖരിക്കുന്നതും ആ റിപ്പോർട്ട് സൂക്ഷിക്കുന്നതും അതിനെടുക്കുന്ന സമയവും വരെയുള്ള സമ്പൂർണ്ണ ‘പ്രവർത്തിയെ’ സൂക്ഷ്‌മ പരിശോധനക്ക് വിധേയമാക്കുന്ന നടപടിക്രമമാണ് ‘ഡ്രൈ റൺ‘.

പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വാക്‌സിൻ വിതരണ ഡ്രൈ റൺ മന്ത്രി കെകെ ശൈലജ നേരിട്ട് വിലയിരുത്തിയിരുന്നു. വാക്‌സിൻ കുത്തിവെപ്പിന് വേണ്ടി കേന്ദ്രം അനുവദിച്ച 14 ലക്ഷം സിറിഞ്ചുകൾ എത്തിയതായി മന്ത്രി പറഞ്ഞു. വാക്‌സിൻ വിതരണത്തിന് ആവശ്യമായ ലാർജ് ഐഎൽആർ 20, വാക്‌സിൻ കാരിയർ 1800, കോൾഡ് ബോക്‌സ് വലുത് 50, കോൾഡ് ബോക്‌സ് 50 ചെറുത്, 12,000 ഐസ് പാക്ക് എന്നിവ നേരത്തെ എത്തിച്ചിരുന്നു.

വാക്‌സിൻ സംഭരണത്തിന്‌ 1240 കോൾഡ് ചെയിൻ സ്‌റ്റോറേജും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല സ്‌റ്റോറുകളും താഴേതട്ടിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വരെ വാക്‌സിൻ സംഭരണത്തിന്‌ സൗകര്യം ഒരുക്കിയതായും മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി.

ആദ്യഘട്ടം 3.13 ലക്ഷം പേർക്ക്‌

ആദ്യഘട്ടത്തിൽ രജിസ്‌റ്റർ ചെയ്‌ത 3.13 ലക്ഷം ആരോഗ്യ പ്രവർത്തകർക്കാണ്‌ വാക്‌സിൻ ലഭ്യമാക്കുക. സർക്കാർ മേഖലയിലെ 4064 സ്‌ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെ 4557 സ്‌ഥാപനങ്ങളിലെയും 3.13 ലക്ഷം ജീവനക്കാരാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌. അടുത്തഘട്ടത്തിൽ വയോജനങ്ങൾക്ക്‌‌ വാക്‌സിൻ ലഭ്യമാക്കും. ഇതിന്‌ 50 ലക്ഷത്തോളം ഡോസ്‌ വാക്‌സിൻ വേണ്ടിവരുമെന്നാണ്‌ പ്രാഥമിക കണക്ക്‌. ഇത്രയും വാക്‌സിൻ ലഭ്യമാക്കണമെന്ന്‌ സംസ്‌ഥാനം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Most Read: പാകിസ്‌ഥാനിൽ അമ്പലങ്ങളുടെ ആവശ്യമില്ല; കുപ്രസിദ്ധ പ്രഭാഷകൻ സാകിർ നായിക്  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE