കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യബാച്ച് എത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഫൈസര്‍ ബയോണ്‍ ടെക്ക് കമ്പനിയുടെ ഒന്നര ലക്ഷം ഡോസ് വാക്സിനാണ് എത്തിച്ചത്. വാക്സിന് ബെല്‍ജിയത്തില്‍ നിന്നും ഇന്നലെ രാവിലെയാണ് എത്തിച്ചതെന്നും ഈ ആഴ്ച തന്നെ വിതരണം ആരംഭിക്കാനാണ് പദ്ധതിയെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആദ്യബാച്ചില്‍ 75000 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള ഡോസുകളാണ് എത്തിയത്. ബെല്‍ജിയത്തില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തില്‍ പുലര്‍ച്ചെ എത്തിച്ച വാക്സിന് മിശ്രിഫ് ഫെയര്‍ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
വാക്സിന് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഈ ആഴ്ച തന്നെ വാക്സിന് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ ഹമൗദ് അൽ-ഹമദ് അൽ-സബാഹ് വ്യക്തമാക്കി.
21 ദിവസം വ്യത്യാസത്തില്‍ ഒരാള്‍ക്ക് രണ്ട് ഡോസ് എന്ന തോതിലാണ് വാക്സിന് നല്‍കുക. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം പൂര്‍ണ ഫലം കൈവരിക്കാന്‍ ആകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം മറ്റു വാക്സിനുകള്‍ക്ക് സമാനമായി ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് അപകടകരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
National News: മുസാഫർ നഗർ കലാപം; ബിജെപി എംഎൽഎമാർക്ക് എതിരായ കേസുകൾ പിൻവലിക്കാൻ നീക്കം