മലപ്പുറം: ജില്ലയിലെ തിരുവാലിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. തിരുവാലി ഹിക്‌മിയ്യ സയൻസ് കോളേജിലെ ബികോം ഒന്നാംവർഷ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ മഞ്ഞപ്പിരിയാനം സ്വദേശിയായ വിപി അർഷാദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്‌ച വൈകിട്ടോടെയാണ് അർഷാദിന് മർദ്ദനമേറ്റത്. സീനിയർ വിദ്യാർഥികൾ കൂട്ടമായി എത്തി മർദ്ദിക്കുകയായിരുന്നുവെന്ന് അർഷാദ് പറഞ്ഞു. ഉച്ച സമയത്ത് സീനിയർ വിദ്യാർഥികൾ യൂണിഫോമിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെട്ടതായും അർഷാദ് പറയുന്നു. ആ പ്രശ്‌നം അപ്പോൾ തന്നെ അധ്യാപകർ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു.
എന്നാൽ, കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം വരുന്ന സീനിയർ വിദ്യാർഥികൾ എത്തി സ്‌കൂളിന്റെ ഗേറ്റ് അടച്ച് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അർഷാദ് പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അർഷാദിന്റെ ബന്ധുക്കൾ എടവണ്ണ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ആശുപത്രിയിലെത്തി അർഷാദിന്റെ മൊഴി രേഖപ്പെടുത്തി.
Most Read: കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; നാല് പേർ കുടുങ്ങി കിടക്കുന്നതായി സൂചന