ഡെൽഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി ഡെൽഹിയും അയൽ സംസ്‌ഥാനങ്ങളും. അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. വ്യവസായ ശാലകളും അടച്ചിടും.
ഡെൽഹിയിലെ മുന്നൂറ് കിലോമീറ്റർ പരിധിയിലെ 11 താപനിലയങ്ങളിൽ അഞ്ചെണ്ണത്തിന് മാത്രമായിരിക്കും ഈ മാസം വരെ പ്രവർത്തനനാനുമതി. ഈ മാസം 21 വരെ ട്രക്കുകൾ ഡെൽഹിയിൽ പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ട്. വർക്ക് ഫ്രം ഹോമിന് കേന്ദ്രസർക്കാർ അനുകൂലമല്ലെങ്കിലും ജീവനക്കാരിൽ കാർപൂളിങ് ഉൾപ്പടെയുള്ളവ പ്രോൽസാഹിപ്പിക്കും.
അതേസമയം, കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നത് കൊണ്ട് മാത്രം മലിനീകരണത്തിന്റെ തോത് വർധിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചപ്പോൾ കർഷകർക്ക് അനുകൂലമായ പരാമർശമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കത്തിക്കൽ ഒഴിവാക്കാൻ സാങ്കേതിക സഹായം എന്തുകൊണ്ട് കർഷകർക്ക് നൽകുന്നില്ലെന്നും പഞ്ച നക്ഷത്ര ഹോട്ടലിൽ ഇരുന്നു കർഷകരെ കുറ്റപ്പെടുത്തുകയാണെന്നും ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു.
കാർഷിക അവശിഷ്‌ടങ്ങൾ രണ്ടാഴ്‌ചയായി കത്തിക്കുന്നില്ലെന്നു ഹരിയാന അറിയിച്ചു. കാർഷിക അവശിഷ്‌ടങ്ങൾ സംസ്‌കരിക്കാൻ യന്ത്രങ്ങൾ വാങ്ങാൻ കേന്ദ്രസഹായം വേണമെന്ന് പഞ്ചാബ് ആവശ്യപ്പെട്ടു.
Also Read: മോഡലുകളുടെ മരണം; ഹോട്ടൽ ഉടമയും അഞ്ച് ജീവനക്കാരും അറസ്‍റ്റിൽ