ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് ഡൽഹിയെ വിറപ്പിച്ച് പ്രതിഷേധം. നേതാക്കളെ കസ്‌റ്റഡിയിൽ എടുത്താണ് പോലീസ് പ്രതിഷേധത്തെ നേരിടുന്നത്. കസ്‌റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മന്ദിർ മാർഗ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. രണ്ടര മണിക്കൂർ വാഹനത്തിൽ വിവിധയിടങ്ങളിൽ കറക്കിയ ശേഷമാണ് സ്‌റ്റേഷനിൽ എത്തിച്ചത്.
സ്‌റ്റേഷനിൽ എത്തിച്ച ശേഷം കേരള ഹൗസിൽ നിന്നാണ് അദ്ദേഹത്തിന് വെള്ളവും മരുന്നും ഭക്ഷണവും എത്തിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അടിയന്തരാവസ്‌ഥയെക്കാൾ വലുതാണ് ഡെൽഹിയിലെ സാഹചര്യമെന്ന് മമത ബാനർജി പറഞ്ഞു. പോലീസ് കസ്‌റ്റഡിയിൽ എടുക്കുന്നതിന് മുൻപ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കെജ്‌രിവാളിനെ പോലീസ് കയ്യേറ്റം ചെയ്‌തതായും ആരോപണം ഉയർന്നിട്ടുണ്ട്. എഎപിയിലെ ചില നേതാക്കളും പോലീസ് കസ്‌റ്റഡിയിലാണ്. കോക്രോച്ച് ജനത പാർട്ടി സ്‌ഥാപകൻ അഭിജീത് ദീപ്‌കെയെ ഡെൽഹി പോലീസ് രാവിലെ വിമാനത്തിനുള്ളിൽ വെച്ച് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
മുംബൈയിൽ നിന്ന് വിമാനത്തിൽ ഡെൽഹിയിലെത്തിയ ദീപ്‌കെയെ വിമാനത്തിനുള്ളിൽ കയറിയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ദീപ്‌കെയെ കൂടാതെ അശുതോഷ് റാങ്കെയെയും സൗരവ് ദാസിനെയും വിമാനത്തിനുള്ളിൽ വെച്ച് കസ്‌റ്റഡിയിൽ എടുത്തിരുന്നു. രാവിലെ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി, സിപിഎം നേതാക്കളായ എംഎ ബേബി, പിണറായി വിജയൻ, എംവി ഗോവിന്ദൻ ഉൾപ്പടെയുള്ളവരെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തെങ്കിലും പ്രതിഷേധങ്ങൾ ശക്‌തമായി തുടരുകയാണ്. സിജെപി ജന്തർ മന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് സർവ സന്നാഹങ്ങളുമായി പോലീസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്ന് സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ തടവിലാകുമ്പോൾ ജനാധിപത്യത്തെ രക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്ന് സിജെപി അഭ്യർഥിച്ചു.
Most Read| റഷ്യയുമായി പുതിയ ഡീൽ; ഡീസൽ വാങ്ങാൻ ധാരണയെന്ന് ട്രംപ്, ഉപരോധങ്ങളിൽ ഇളവ്





































