പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഡ്രൈ ഡേ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യാൻ തുടങ്ങിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടി വ്യാപകമായാൽ സ്‌ഥിതി ഗുരുതരമാകും. അതിനാൽ തന്നെ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകളെ പ്രതിരോധിക്കുന്നതിനായി ആഴ്‌ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡെങ്കിപ്പനി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്‌ഥിരീകരിച്ചത്. വീടുകളിലും ഓഫിസുകളിലും സ്‌ഥാപനങ്ങളിലും പൊതു സ്‌ഥലത്തും ആഴ്‌ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കമെന്നാണ് നിർദേശം നൽകിയിരുന്നത്.
എന്നാൽ നിലവിൽ വീടുകളിൽ പോലും ഇക്കാര്യം പാലിക്കപ്പെടാത്ത സ്‌ഥിതിയാണ്. കോവിഡ് ചികിൽസയുടെയും പ്രതിരോധ നടപടികളുടെയും തിരക്കിലായതിനാൽ ആരോഗ്യവകുപ്പിനും ഇക്കാര്യത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്‌ഥാപനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: സ്ളീപ്പർ ഉൾപ്പടെ 100 ബസുകൾ; ആധുനിക ബസുകളുമായി കെഎസ്ആർടിസി