സ്‌കൂളുകൾ അണുവിമുക്‌തമാക്കാൻ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടി വിദ്യാഭ്യാസ വകുപ്പ്

By News Desk, Malabar News
school reopening
Representational Image
Ajwa Travels

കൊല്ലം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സുരക്ഷാ നടപടികൾ പുരോഗമിക്കുന്നു. അണുവിമുക്‌തമാക്കേണ്ട സ്‌കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് അഗ്‌നിരക്ഷാ സേനക്ക് കൈമാറി. പല സ്‌കൂളുകളിലും അണുനശീകരണ ജോലികൾ അഗ്‌നിരക്ഷാ സേന തുടങ്ങി കഴിഞ്ഞു.

നിലവിൽ വിവിധ പരീക്ഷകൾ നടക്കുന്ന സ്‌കൂളുകളാണ് അണുവിമുക്‌തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനും മറ്റും ഉപയോഗപ്പെടുത്തിയിരുന്ന സ്‌കൂളുകളിലും അണുനശീകരണം തുടരും. കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ചികിൽസാ കേന്ദ്രങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇങ്ങനെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വിദ്യാലയങ്ങളാണ് നിലവിൽ അഗ്‌നിരക്ഷാ സേന അണുവിമുക്‌തമാക്കുന്നത്.

സ്‌കൂളുകളുടെ ശുചീകരണമാണ് മറ്റൊരു വെല്ലുവിളിയാകുന്നത്. മാസങ്ങളായി അടഞ്ഞ് കിടക്കുന്ന സ്‌കൂളുകൾ സംസ്‌ഥാനത്തുണ്ട്. ജലജന്യ രോഗങ്ങൾ വ്യാപകമാകുന്നതിനാൽ ഇവിടങ്ങളിലെ കിണറുകളുടെ ശുചീകരണവും പ്രധാനമാണ്. ഷിഗെല്ല രോഗ ഭീഷണിയുള്ളതിനാൽ സ്‌കൂളുകളിലെ ജലസ്രോതസുകൾ കുറ്റമറ്റ രീതിയിൽ അണുവിമുക്‌തമാക്കാനും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ക്ളാസുകൾ തുടങ്ങാനുള്ള എല്ലാ സജ്‌ജീകരണങ്ങളും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ, വിവിധ സ്‌ഥലങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് സ്‌കൂളുകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് മറ്റൊരു പ്രതിസന്ധിയാണ്. പൊതുഗതാഗതം കുറഞ്ഞതാണ് ഇതിന് കാരണം. മലയോര മേഖലകളിലെ വിദ്യാർഥികളാണ് ഗതാഗത പ്രതിസന്ധി കൂടുതലായി നേരിടുന്നത്. സ്‌കൂൾ ബസുകളിലെ യാത്രക്ക് ഒരു സീറ്റിൽ ഒരു കുട്ടി എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ എല്ലാ വിദ്യാർഥികളെയും ഒരേ സമയം സ്‌കൂളുകളിൽ എത്തിക്കുക എന്നത് ശ്രമകരമാണ്.

വരുമാനക്കുറവ് മൂലം പല സ്‌ഥലങ്ങളിലും സ്വകാര്യ ബസുകൾ സർവീസ് നിർത്തിയിരിക്കുകയാണ്. കെഎസ്ആർടിസിയും പൂർണതോതിൽ സർവീസ് ആരംഭിച്ചിട്ടില്ല. അതേസമയം, വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ സർവീസുകൾ പുനരാരംഭിക്കണമെന്ന് ഡിഡിഇമാർ (Deputy Director of Education) അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്. കൂടുതൽ സർവീസുകൾ വേണ്ട സ്‌ഥലങ്ങളുടെ പട്ടിക തയാറാക്കി ആർടിഒക്ക് (Regional Transport Office) കൈമാറാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സ്‌കൂളുകളിൽ എത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് ഗൂഗിൾ മീറ്റ്, ഗൃഹസന്ദർശനം, പ്രാദേശിക പിടിഎ, പഠനവീട് എന്നീ സൗകര്യങ്ങൾ ഒരുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Also Read: 7 തദ്ദേശ വാര്‍ഡുകളില്‍ പ്രത്യേക തിരഞ്ഞെടുപ്പ്; വിജ്‌ഞാപനം പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE