ദോഹ: യുകെയിൽ നിന്നുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചെലവഴിക്കുന്നതിനായി രണ്ട് ഹോട്ടലുകൾ സജ്‌ജീകരിച്ചതായി ഡിസ്‌കവർ ഖത്തർ അധികൃതർ അറിയിച്ചു. ഇന്ന് മുതൽ യുകെയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്.
ഇന്റർനാഷണൽ ദോഹ, മെർക്യുർ ഗ്രാൻറ് ദോഹ എന്നീ ഹോട്ടലുകളാണ് ക്വാറന്റെയ്ൻ ആവശ്യത്തിനായി സർക്കാർ ഒരുക്കിയിരിക്കുന്നത്.
ഖത്തറിലെ മറ്റേതെങ്കിലും ഹോട്ടലുകൾ ബുക്ക് ചെയ്‌തവരും, ഡിസംബർ 23ആം തീയതി രാവിലെ ആറ് മണിക്ക് മുൻപ് ഇംഗ്‌ളണ്ടിൽ നിന്ന് ഖത്തറിൽ എത്തുന്നവരുമായ യാത്രക്കാരുടെ റിസർവേഷൻ ഓട്ടോമാറ്റിക് സംവിധാനങ്ങളുപയോഗിച്ച് മേൽപറഞ്ഞ രണ്ട് ഹോട്ടലുകളിൽ ഒന്നിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസിന്റെ സാന്നിധ്യം യുകെയിൽ വ്യാപകമായി തുടങ്ങിയതിന് പിന്നാലെയാണ് അവിടെ നിന്നെത്തുന്ന യാത്രക്കാർക്കായി സവിശേഷ സംവിധാനം ഒരുക്കാൻ സർക്കാർ നടപടിയെടുത്തത്. കൂടുതൽ മാരകകാരിയും നിയന്ത്രണാതീത സ്വഭാവമുള്ളതുമായ പുതിയ വൈറസിന്റെ സാന്നിധ്യത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഗൾഫ് മേഖലയിൽ സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളും പുതിയ ഇനം വൈറസിനെ പേടിച്ച് തങ്ങളുടെ വിമാനത്താവളങ്ങൾ അടച്ചിട്ടു.
യുകെയിൽ നിന്നുള്ളവരല്ലാത്ത യാത്രക്കാർ മേൽപറഞ്ഞ രണ്ട് ഹോട്ടലുകളും ഖത്തറിലെ തങ്ങളുടെ താമസത്തിനായി ബുക്ക് ചെയ്യാൻ പാടില്ലെന്ന് ഡിസ്ക്കവർ ഖത്തർ അറിയിച്ചു. യുകെയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണെന്ന് തെളിയിക്കുന്ന ബോർഡിങ് പാസ് കയ്യിലുള്ളവരെ മാത്രമേ ഹോട്ടലിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
ഇംഗ്‌ളണ്ടിനെ രോഗവ്യാപന സാധ്യത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്‌ളണ്ടിൽ നിന്നെത്തുന്നവർ അവരോട് നിർദേശിച്ചിരിക്കുന്ന ഹോട്ടലുകളിൽ തന്നെ ക്വാറന്റെയ്‌നിൽ പോകണമെന്ന് സർക്കാർ മുൻകൂട്ടി അറിയിച്ചു.
Also Read: പ്രതിഷേധം ശക്‌തം; ഹരിയാന മുഖ്യമന്ത്രിക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി വീശി