നേമം ഉൾപ്പടെ 10 മണ്ഡലങ്ങളിൽ തർക്കം തുടരുന്നു; ഡെൽഹിയിൽ ഇന്നും ചർച്ച

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: നേമം ഉൾപ്പടെയുള്ള കോൺഗ്രസിന്റെ തർക്ക മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡെൽഹിയിൽ ഇന്നും തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്‌ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്‌ച നടത്തും. ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കാളികളാകും.

ഇരുവരും ഇന്നലത്തെ ചർച്ചകൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. കോൺഗ്രസ് നാളെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ വ്യക്‌തമാക്കിയിരുന്നു. സോണിയാ ഗാന്ധി അടക്കമുള്ളവരുമായും സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

അതേസമയം, നേമത്ത് സസ്‌പെൻസ് തുടരുകയാണ്. മണ്ഡലത്തിൽ ആര് സ്‌ഥാനാർഥിയാകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഉമ്മൻചാണ്ടിയും ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളിൽ മൽസരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ധാരണ. തർക്കം തുടരുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ നിന്ന് ഹരിപ്പാടും പുതുപ്പള്ളിയും ഇപ്പോൾ ഒഴിവായിട്ടുണ്ട്.

വട്ടിയൂർക്കാവ്, നേമം, വർക്കല, നെടുമങ്ങാട്, തൃപ്പൂണിത്തുറ, ഇരിക്കൂർ, കൽപ്പറ്റ, നിലമ്പൂർ, പട്ടാമ്പി, പീരുമേട് എന്നീ സീറ്റുകളിൽ ഇനിയും തീരുമാനം ഉണ്ടാകാനുണ്ടെന്നാണ് സൂചന. ബിജെപിയുടെ ഒറ്റത്തുരുത്തായ നേമമടക്കം ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഈ പത്ത് സീറ്റുകളിൽ ആരാണ് മൽസര രംഗത്തേക്ക് ഇറങ്ങുക എന്നതിനെ ചൊല്ലിയാണ് തർക്കം.

പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് ഇന്നലെ ഉമ്മൻ‌ചാണ്ടി വ്യക്‌തമാക്കിയിരുന്നു. ഹരിപ്പാട് വിട്ട് നേമത്തേക്ക് വരാമോയെന്ന് ഹൈക്കമാൻഡ് ചെന്നിത്തലയോട് ആരാഞ്ഞിട്ടുണ്ട്. കായംകുളത്ത് തർക്കം നിലനിന്നിരുന്നു എങ്കിലും എം ലിജു താനെ സ്‌ഥാനാർഥിയാകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. കായംകുളത്ത് ഇറങ്ങിയില്ലെങ്കിൽ ലിജു അമ്പലപ്പുഴയിലേക്ക് മാറുമെന്നും സൂചനയുണ്ട്.

കോന്നിയിൽ സിറ്റിംഗ് എംഎൽഎ കെയു ജനീഷ് കുമാർ വീണ്ടും കളത്തിൽ ഇറങ്ങുമ്പോൾ റോബിൻ പീറ്റർ പോസ്‌റ്ററുകളൊക്കെ തയാറാക്കി പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. കഴക്കൂട്ടത്ത് എസ്‌എസ് ലാലിന് നറുക്ക് വീഴുമെന്നാണ് വിവരം.

കൊല്ലം പത്തനാപുരത്ത് ശരണ്യ മനോജിന് സീറ്റ് നൽകുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നു എങ്കിലും ജ്യോതി കുമാർ ചാമക്കാല മൽസര രംഗത്ത് ഇറങ്ങുമെന്നാണ് സൂചന. ചടയമംഗലത്ത് എംഎം നസീറും കരുനാഗപ്പള്ളിയിൽ സിആർ മഹേഷും ഇറങ്ങിയേക്കും.

കൊട്ടാരക്കരയിൽ കൊടിക്കുന്നിലിന്റെ നോമിനിയായ ആർ രശ്‌മിയെ കളത്തിൽ ഇറക്കുമെന്നാണ് സൂചന. ഇപ്പോഴും കൊല്ലത്ത് ആരിറങ്ങും എന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരമായിട്ടില്ല.

Also Read: പിറവത്ത് കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി; തമ്മിലടിച്ച് പ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE