മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം നിഷേധിച്ച് മുംബൈ മജിസ്‌ട്രേറ്റ് കോടതി. കേസിലെ മറ്റ് രണ്ട് പ്രതികളായ അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. മൂവർക്കും ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുകയാണ് ഇവർ.
ആര്യൻ ഖാന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എൻസിബി കോടതിയിൽ അറിയിച്ചു. ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് വ്യക്‌തമാക്കി.
ആര്യന്‍ ഖാനെ കസ്‌റ്റഡിയില്‍ വേണമെന്ന എന്‍സിബിയുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തളളിയിരുന്നു. ചോദ്യം ചെയ്യാൻ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്‌ക്ക് ആവശ്യത്തിന് സമയം ലഭിച്ചെന്ന് വ്യക്‌തമാക്കി ആയിരുന്നു കോടതിയുടെ നടപടി.
മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട കോര്‍ഡിലിയ എന്ന ആഡംബര കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച വൈകിട്ടാണ് എന്‍സിബിയുടെ രഹസ്യ ഓപ്പറേഷനില്‍ പ്രതികളെ പിടികൂടിയത്. 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവയാണ് ഉദ്യോഗസ്‌ഥർ കണ്ടെടുത്തത്.
അതേസമയം ആര്യൻ ഖാന്റെ പക്കൽ നിന്നും ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ നേരത്തെ അറിയിച്ചിരുന്നു.
Most Read: 18,000 കോടി രൂപയ്‌ക്ക് എയർ ഇന്ത്യ സ്വന്തമാക്കി ടാറ്റാ ഗ്രൂപ്പ്