ലണ്ടൻ: ബ്രിട്ടനിൽ പുതുതായി റിപ്പോർട്ട് ചെയ്‌തിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസിനെയും ബയേൺടെക് വാക്‌സിൻ തുരത്തുമെന്ന് സിഇഒ ഉഗുർ സാഹിൻ. പൂർണ ആത്‌മവിശ്വാസമുണ്ടെങ്കിലും വൈറസിനെതിരെ വാക്‌സിൻ എത്രത്തോളം ഫലം ചെയ്യുമെന്ന് വിശദമായ പഠനം നടത്താതെ ഉറപ്പ് പറയാൻ കഴിയില്ലെന്ന് ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനി മേധാവിയായ സാഹിൻ പറഞ്ഞു.
നിലവിൽ കമ്പനി വിശദമായ പഠനം നടത്തി വരികയാണ്. അടുത്ത ആഴ്‌ചകളിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നും സാഹിൻ വ്യക്‌തമാക്കി. യുഎസിലെ ഫൈസർ വാക്‌സിൻ നിർമാതാക്കളുമായി ചേർന്നാണ് ബയേൺടെക് കോവിഡ് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചത്. ബഹ്‌റൈനും യുഎസും അടക്കം 45 രാജ്യങ്ങൾ ഫൈസർ ബയേൺടെക് വാക്‌സിൻ അംഗീകരിച്ചിട്ടുണ്ട്.
Also Read: കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്‌ച ഇന്ത്യയിലെത്തും
കഴിഞ്ഞ ദിവസം യുകെയിൽ കണ്ടെത്തിയ പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ വിമാനത്തിലെ 5 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്. തുടർന്ന് ബ്രിട്ടനിൽ നിന്ന് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ ഡിസംബർ 31 രാത്രി 11.59 വരെ താൽകാലികമായി നിർത്തി വെച്ചിരിക്കുകയാണ്.