കോഴിക്കോട് വന്‍ തീപിടിത്തം; ഡിസ്‌കോ ഏജന്‍സീസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു, കോടികളുടെ നഷ്ടം

By Desk Reporter, Malabar News
fire at Disco Agencies in kozhikode
Representational Image
Ajwa Travels

കോഴിക്കോട്: പുഷ്പ ജംക്ഷന് സമീപം ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിന് അരികിലുള്ള മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. രാത്രി 9 മണിക്ക് ശേഷമായിരുന്നു തീപിടിത്തം. ഒളവണ്ണ സ്വദേശി ജയ്സല്‍ നേതൃത്വം കൊടുക്കുന്ന ‘ഡിസ്‌കോ ഏജന്‍സീസ്’ ആണ് ഈ കെട്ടിടത്തിലെ പ്രധാന സ്ഥാപനം. കെട്ടിടത്തിലേക്ക് അഗ്‌നിശമന വാഹനത്തിന് കടന്ന് ചെല്ലാനുള്ള വഴി ഇല്ലാത്തത് ദുരന്ത വ്യാപ്തി വര്‍ധിപ്പിച്ചു. ഫയര്‍ഫോഴസ് യൂണിറ്റുകള്‍ അവരുടെ വാഹനം പുറത്ത് നിറുത്തിയ ശേഷം വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനം കെട്ടിടത്തിന് അരികില്‍ വരെ എത്തിക്കുകയായിരുന്നു. പ്രായോഗികമായി നിരവധി തടസ്സങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അഗ്‌നിശമന സേനയുടെ മേഖലാ തലവന്‍ റഷീദ്, ജില്ലാ ഓഫീസര്‍ രജീഷ്, മീഞ്ചന്ത സ്റ്റേഷന്‍ ഓഫിസര്‍ വിശ്വാസ് എന്നിവരുടെ നേതൃ പാടവം ആശ്വാസമായി.

2 മണിക്കൂര്‍ നീണ്ടു നിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ പരിപൂര്‍ണ്ണമായും അണക്കാന്‍ കഴിഞ്ഞത്. സമീപത്ത് ധാരാളം കെട്ടിടങ്ങളുണ്ടങ്കിലും അവസരോചിതവും വേഗതയുള്ളതുമായ നടപടികളിലൂടെ, കൂടുതല്‍ ദുരന്തങ്ങള്‍ സംഭവിക്കാതെ അഗ്‌നിശമന സേനക്ക് ദുരന്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ബീച്ച്, മീഞ്ചന്ത, വെള്ളിമാട് കുന്ന് എന്നിവിടങ്ങളില്‍നിന്നുള്ള 8 അഗ്‌നിരക്ഷാസേന യൂണിറ്റുകളാണ് ഈ ദൗത്യത്തില്‍ പെങ്കെടുത്തതെന്നും മനുഷ്യരാരും അപകടത്തില്‍ പെട്ടിട്ടില്ല എന്നും മേഖലാ തലവന്‍ റഷീദ് മലബാര്‍ ന്യൂസിനോട് പറഞ്ഞു.

മുകളിലെ താല്‍ക്കാലിക നിലയും ഒന്നാം നിലയും ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു കടയൊഴികെ മറ്റുള്ളവയും പൂര്‍ണ്ണമായും കത്തി നശിച്ചു. കടകള്‍ക്കും സാധനങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടോ എന്നത് വ്യക്തമായിട്ടില്ല. രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിയമ വിരുദ്ധമായി ഉണ്ടാക്കിയ താല്‍ക്കാലിക ഗോഡൗണിലാണ് തീപ്പിടിത്തമെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. കെട്ടിടത്തില്‍ ജോലിക്കാരോ മറ്റോ താമസം ഇല്ലാത്തതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. തീപിടിത്ത കാരണം വൈദ്യുതിയിലെ ഷോര്‍ട് സര്‍ക്യൂട്ട് ആകുമെന്നാണ് അനുമാനിക്കുന്നത്.

ഇരുചക്ര വാഹനയാത്രക്കാരാണ് പുക ഉയരുന്ന വിവരം ബീച്ചിലെ അഗ്‌നിശമന സേന ഓഫീസില്‍ അറിയിച്ചത്. തീപിടിത്തം നടന്ന് അരമണിക്കൂറിനകം തന്നെ പ്രദേശമാകെ പുകപടലങ്ങള്‍ നിറഞ്ഞു. ജനനിബിഡമായ ഈ പ്രദേശത്ത് കൂടുതല്‍ പരിഭ്രാന്തി പടര്‍ത്താനും ആളുകളെ വീട് വിട്ട് പുറത്തിറങ്ങാനും ഇത് പ്രേരിപ്പിച്ചു. പ്രദേശം വളരെ വേഗത്തില്‍ ജന സാഗരമാകാനും രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകാനും ജന ബാഹുല്യം കാരണമായി. വിവരമറിയിച്ചനുസരിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു, നഗരവാസിയായ ജില്ലയുടെ എം.പി, എം.കെ.രാഘവന്‍, കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. ടി. സിദ്ധീഖ്, വൈസ് പ്രസിഡന്റ് അഡ്വ. പി.എം. നിയാസ് എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ സമീപ പ്രദേശത്ത് നിന്നും അളുകളെ ഒഴിപ്പിച്ചു.

ഡിസ്‌കോ ഏജന്‍സീസ് പ്രധാനമായും വാഹനവുമായി ബന്ധപ്പെട്ട റെയിന്‍ കോട്ട്, ഹെല്‍മറ്റ്, സ്പെയര്‍ പാര്‍ട്സ് തുടങ്ങിയ സാധനങ്ങളുടെ മൊത്ത വ്യാപാരകേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. കടയില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് പൊട്ടിത്തെറിച്ചതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. അടുത്തിടെ നഗരത്തിലുണ്ടാണ്ടാവുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണ് ഇത്. ഈ കഴിഞ്ഞ ജൂണ്‍ 27ന് കോട്ടൂളിയിലെ ജ്വല്ലറി ഷോറൂമിന് തീപിടിച്ചിരുന്നു.

COMMENTS

  1. ഇന്നറിഞ്ഞ മാധ്യമ വാർത്തകളിൽ നിന്നും
    വളരെ വ്യക്തവും സുതാര്യവുമായ വാർത്തയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് തുടർന്നും ഇതുപോലെയുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു
    എല്ലാവിധ അഭിനന്ദനങ്ങളും ആശംസിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE