ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിലെ കിതപ്പിന് ശേഷം തുടർച്ചയായി മൂന്നാം മാസവും ചരക്ക്, സേവന നികുതി (ജിഎസ്‌ടി) വരുമാനം ഒരു ലക്ഷം കോടി രൂപക്ക് മുകളിൽ. സെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.17 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
ജൂലൈയിൽ 1.12 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. തുടർച്ചയായി 9 മാസം ഒരു ലക്ഷം കോടിക്ക് മുകളിൽ ആയിരുന്ന വരുമാനമാണ് കോവിഡ് രണ്ടാം തരംഗം മൂലം ജൂണിൽ കുറഞ്ഞത്. നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ 5 ശതമാനത്തിന്റെ വർധനയുണ്ടായി. ജിഎസ്‌ടി നഷ്‌ടപരിഹാരമായി സംസ്‌ഥാനങ്ങൾക്ക് 22,000 കോടി രൂപയാണ് അനുവദിച്ചത്.
സെപ്റ്റംബറിൽ മാത്രം കേരളത്തിന്റെ ജിഎസ്‌ടി വരുമാനം 1,764 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേമാസം കേരളത്തിൽ ലഭിച്ചത് 1,552 കോടിയുടെ നികുതി ആയിരുന്നു. അതനുസരിച്ച് 14 ശതമാനത്തിന്റെ വർധനവാണ് നികുതിയിനത്തിൽ ഉണ്ടായിരിക്കുന്നത്.
Read Also: ഓസ്‌ട്രേലിയൻ മണ്ണിലെ സന്ദർശക ടീമിന്റെ ഉയർന്ന സ്‌കോർ സ്വന്തമാക്കി ഇന്ത്യൻ വനിതകൾ