ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
ആകാശവാണി ഭവനിൽ നിന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കളെ രാത്രി 7.45ഓടെയാണ് കസ്‌റ്റഡിയിൽ എടുത്തത്. പ്രവർത്തകർ രാഹുലിന് വലയം തീർത്തെങ്കിലും പോലീസ് കസ്‌റ്റഡിയിലെടുത്ത് വാഹനത്തിനുള്ളിലേക്ക് കയറ്റുകയായിരുന്നു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ ഉൾപ്പടെയുള്ളവരെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. ഒരാഴ്‌ചയ്‌ക്ക് ശേഷം കാണാമെന്നാണ് കമ്മീഷൻ അറിയിച്ചതെന്നാണ് വിവരം. ആകാശവാണി ഭവനിൽ നടത്തുന്ന സമരം രാത്രിയിലും തുടരാൻ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകാൻ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടതായും പോലീസ് നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്തെ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് മോഷ്‌ടിച്ച് രാജ്യത്തെ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്. അമിത് ഷാ, മോഹൻ ഭാഗവത് എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാറും ഇതിന് സഹായം നൽകി. രാജ്യത്തെ ജനാധിപത്യത്തെ ഇവർ ഇല്ലാതാക്കിയെന്ന കാര്യം ജനങ്ങൾക്കും യുവാക്കൾക്കും ഞങ്ങളെ തടഞ്ഞ പോലീസുകാർക്ക് പോലും ബോധ്യമുള്ള വസ്‌തുതയാണ്.
നമ്മുടെ രാജ്യത്തോട് ചെയ്‌തത് രാജ്യദ്രോഹമാണ്. ഇതിൽ പങ്കാളികളായ ഒരാൾ പോലും രക്ഷപ്പെടാൻ പോകുന്നില്ല. അത് നരേന്ദ്ര മോദിയായാലും അമിത് ഷാ ആയാലും മോഹൻ ഭാഗവതായാലും ഗ്യാനേഷ് കുമാറായാലും ഇവർക്കെല്ലാവർക്കും എതിരെ കർശന നടപടിയുണ്ടാകും. ഞാൻ ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനാണ് നിലകൊള്ളുന്നത്. ഞങ്ങൾ ബിജെപിക്കെതിരെ ചെറുത്തുനിൽപ്പുണ്ടാക്കുക മാത്രമല്ല, അവരെ പൂർണമായി തകർക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Most Read| ആർ. സുഗതന് ആശ്വാസം; കാപ്പ കേസ് റദ്ദാക്കി ഹൈക്കോടതി



































