മസ്ക്കറ്റ്: ഒമാനിൽ അടുത്ത വർഷത്തെ ഹജ്‌ജ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ. 18 വയസ് പൂർത്തിയായ ഒമാനി പൗരൻമാർക്കും താമസക്കാർക്കും ഹജ്‌ജിനായി രജിസ്‌റ്റർ ചെയ്യാവുന്നതാണ്. www.hajj.om എന്ന ഔദ്യോഗിക പോർട്ടൽ വഴിയാണ് രജിസ്‌റ്റർ ചെയ്യേണ്ടത്. ഈ മാസം 17 വരെയാണ് രജിസ്‌ട്രേഷൻ സമയപരിധി.
അപേക്ഷകർ സിവിൽ ഐഡി നമ്പർ, പേഴ്‌സണൽ കാർഡ് അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്‌റ്റർ ചെയ്യണം. 67 വയസിന് മുകളിലുള്ളവർക്കും കാഴ്‌ച അല്ലെങ്കിൽ മറ്റു വൈകല്യങ്ങൾ ഉള്ള സ്‌ത്രീകൾക്കും പുരുഷൻമാർക്കും പരിപാലനത്തിനായി ഒരാളെ കൂടെ കൂട്ടാവുന്നതാണ്. ഇലക്‌ട്രോണിക് സംവിധാനത്തിൽ മുൻപ് രജിസ്‌റ്റർ ചെയ്‌തവരിൽ നിന്നാകും അവരെ തിരഞ്ഞെടുക്കുക.
അപേക്ഷകർ അവരുടെ സിവിൽ ഐഡിയും മൊബൈൽ നമ്പറും സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം. മൊബൈൽ നമ്പറിൽ എസ്എംഎസ് വഴിയോ ഇ-മെയിൽ വഴിയോ അപ്‍ഡേറ്റുകൾ അയക്കുന്നതാണ്. രജിസ്‌ട്രേഷൻ കഴിഞ്ഞു ഉടൻ തന്നെ അപേക്ഷ സ്വീകരിച്ചോ നിരസിച്ചോയെന്നും അറിയാൻ സാധിക്കും. ഒമാനിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഹജ്‌ജിന് അവസരം ലഭിക്കുക.
അന്വേഷണങ്ങൾക്കും മറ്റുവിവരങ്ങൾക്കും ഔദ്യോഗിക സമയത്ത് മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 80008008 എന്നതിൽ വിളിക്കാവുന്നതാണ്. www.hajj.om വഴിയും അന്വേഷണങ്ങളും മറ്റും ഫയൽ ചെയ്യാവുന്നതാണ്. രജിസ്‌റ്റർ ചെയ്യുന്നവരിൽ നിന്ന് ഹജ്‌ജിന് അവസരം ലഭിക്കുന്നവരെ മന്ത്രാലയം വിവരം അറിയിക്കുകയും തുടർ നടപടികൾക്ക് നിർദ്ദേശിക്കുകയും ചെയ്യും.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!