പാലക്കാട്: കൊപ്പത്ത് സ്‌പീക്കർ എഎൻ ഷംസീറിനും മുസ്‌ലിം ലീഗ് പ്രവർത്തകർക്കുമെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. സംഭവത്തിൽ ഇന്നലെ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ കേസിൽ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 11 ആയി. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഇസ്‌മയിൽ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടായിരുന്നു കേസിനാധാരമായ സംഭവം. യൂത്ത് ലീഗിനും സ്‌പീക്കർ എ എൻ ഷംസീറിനും എതിരേയാണ് സംഘ്പരിവാർ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം ഉയർത്തിയത്.
സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 30 പേർക്കെതിരെ മതസ്‌പർധയും ലഹളവും ഉണ്ടാക്കാൻ ശ്രമിച്ചതിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Most Read| ക്രമസമാധാനം പൂർണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കും? മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി