ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണമായി തകർന്നില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. ക്രമസമാധാനം പൂർണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കുമെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തെ എതിർത്ത് കൂട്ടബലാൽസംഗത്തിന് ഇരയായവർ നൽകിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
6500 എഫ്ഐആറുകളിൽ ഗുരുതര കേസുകൾ തരംതിരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇവയുടെ അന്വേഷണത്തിന് സംവിധാനം വേണം. പോലീസിനെ കൊണ്ട് ഇതിന് കഴിയില്ല. ബലാൽസംഗ കേസിൽ പോലീസ് നിഷ്‌ക്രിയമായിരുന്നു. സിബിഐക്ക് എത്ര കേസുകൾ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. മണിപ്പൂർ ഡിജിപിയോട് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശം നൽകി.
സംസ്‌ഥാനത്തെ സ്‌ഥിതി മെച്ചപ്പെട്ടുവെന്നും സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്റെ 11 കേസുകൾ സിബിഐക്ക് വിടാമെന്നും മണിപ്പൂർ സർക്കാർ അറിയിച്ചു. ഇതോടെ, കേന്ദ്രം നൽകിയ റിപ്പോർട്ടിലെ അതിജീവിതയുടെ പേര് പുറത്തു പോകരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. നീതി നടപ്പിലാക്കുന്നതിനും അന്വേഷണത്തിനും ഉന്നതാധികാര സമിതി ആലോചിക്കുമെന്നും കോടതി അറിയിച്ചു. മുൻ ജഡ്‌ജിമാർ ഉൾപ്പെട്ട സമിതിയാണ് ആലോചിക്കുന്നതെന്നും ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കി.
അതേസമയം, മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഓഗസ്‌റ്റ് 8, 9 തീയതികളിൽ ലോക്‌സഭാ ചർച്ച ചെയ്യും. പത്തിന് പ്രധാനമന്ത്രി മറുപടി പറയും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
Most Read| ഡോ. വന്ദന ദാസ് കൊലപാതകം; കുത്തിയത് കൊല്ലാൻവേണ്ടി തന്നെ- കുറ്റപത്രം സമർപ്പിച്ചു