ന്യൂഡെല്‍ഹി: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നു എന്ന് വ്യക്‌തമാക്കിയ ജവഹർലാൽ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക്കിനെ പിരിച്ചു വിട്ടു. ഒക്‌ടോബര്‍ 16ന് ഡോ. അസീമിനെ സൂപ്രണ്ട് സ്‌ഥാനത്തുനിന്ന് നിന്ന് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഒക്‌ടോബര്‍ 20 മുതല്‍ ആശുപത്രിയിലെ സേവനം അവസാനിപ്പിക്കാനുള്ള നോട്ടീസ് നല്‍കിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ല എന്ന യു പി പോലീസിന്റെ വാദത്തിന് എതിരേയായിരുന്നു ഡോ. അസീം മാലിക്കിന്റെ പ്രസ്‌താവന.
പെണ്‍കുട്ടി പീഡനത്തിന് ഇരയായി 11 ദിവസത്തിനു ശേഷമാണ് സാമ്പിള്‍ പരിശോധിച്ചതെന്നും 96 മണിക്കൂറിനുള്ളില്‍ തെളിവ് നശിക്കുമെന്നും അസീം മാലിക് വ്യക്‌തമാക്കിയിരുന്നു. അതോടെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന യു പി പോലീസിന്റെ വാദം പൊളിയുകയായിരുന്നു. കൂടാതെ, ആശുപത്രി മെഡിക്കല്‍ റിപ്പോർട്ടിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് രേഖപ്പെടുത്തിയതും പുറത്തു വന്നിരുന്നു. എന്നാല്‍ അസീമിനെ പിരിച്ചു വിട്ടതില്‍ അസ്വാഭാവികത ഇല്ലെന്നും താല്‍ക്കാലിക കരാര്‍ അവസാനിച്ചതിനാലാണ് നോട്ടീസ് നല്‍കിയതെന്നും മെഡിക്കല്‍ കോളേജിന്റെ ചുമതലയുള്ള അലീഗഢ് മുസ്ലിം സർവലാശാല വൈസ് ചാന്‍സലര്‍ താരീഖ് മന്‍സൂര്‍പറഞ്ഞു.
Read also: സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്; അപലപിച്ച് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍