കോഴിക്കോട്: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി ഉണ്ടായ സംഭവം ഗൗരവത്തിൽ എടുത്തെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ. വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുമായി ജിഫ്രി തങ്ങൾ ഫോണിൽ സംസാരിച്ചു. നേരിട്ട് വരേണ്ട കാര്യമൊന്നുമില്ലെന്നും വധഭീഷണിയിൽ പരാതിയില്ലെന്നും മന്ത്രിയെ ജിഫ്രി തങ്ങൾ അറിയിച്ചു. കുറേ ദിവസങ്ങൾക്ക് മുമ്പ് വന്ന ഫോൺ കോളാണെന്നും അത് കാര്യമാക്കുന്നില്ലെന്നും പറഞ്ഞ തങ്ങൾ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും മന്ത്രി വി അബ്‌ദുറഹ്‌മാനോട് ആവശ്യപ്പെട്ടു.
ഫോണിൽ വിളിച്ചായിരുന്നു ഭീഷണി ഉണ്ടായത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. വഖഫ് വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച നിലപാടിന് പിന്നാലെയാണ് ഭീഷണി ഉണ്ടായത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്നും തീരുമാനം വൈകരുതെന്നുമാണ് സമസ്‌തയുടെ നിലപാട്.
വധഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്നും, നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്‌തമാക്കി. സംഭവത്തിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സമസ്‌ത അധ്യക്ഷൻ പറഞ്ഞു.
അതേസമയം, വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ജഫ്രി മുത്തുകോയ തങ്ങൾ അറിയിച്ചു.
Most Read: കിഴക്കമ്പലം ആക്രമണം; പരിക്കേറ്റ പോലീസുകാരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കും