കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിൽസാ ചിലവ് പോലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്‌ഥർ ചികിൽസക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിൽസാ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായിട്ടുണ്ട്.
കിഴക്കമ്പലത്ത് ഇതര സംസ്‌ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പോലീസുകാർക്ക് സർക്കാർ ചികിൽസാ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പോലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്‌ചാർജ് ചെയ്‌തപ്പോഴും പോലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു.
ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിൽസാ ചിലവ് വഹിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്നും കേരള പോലീസ് അസോസിയേഷൻ പറഞ്ഞിരുന്നു. വിവരം സർക്കാരിനെയും ഉന്നത ഉദ്യോഗസ്‌ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചികിൽസാ ചിലവ് പോലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്.
പോലീസിനെതിരെ അക്രമം ഉണ്ടായ പശ്‌ചാത്തലത്തിൽ സേനയ്‌ക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതര സംസ്‌ഥാന തൊഴിലാളികളുമായി പോലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്നാണ് എഡിജിപിയുടെ നിർദ്ദേശം. ഡിവൈഎസ്‌പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാംപുകൾ സ്‌ഥിരമായി സന്ദർശിക്കണം. പോലീസിന്റെ ഹെൽപ് ലൈൻ നമ്പരുകൾ തൊഴിലാളികൾക്ക് നൽകണമെന്നും നിർദ്ദേശമുണ്ട്.
Read Also: ഒമൈക്രോൺ; അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ല