പാലക്കാട് : ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒപി, ജനറൽ മെഡിസിൻ കിടത്തി ചികിൽസ എന്നീ വിഭാഗങ്ങളുടെ ഉൽഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10 മണിയോടെ ഓൺലൈനായാണ് മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കുന്നത്. കൂടാതെ മന്ത്രി എകെ ബാലൻ ചടങ്ങിന് അധ്യക്ഷത വഹിക്കും. ഒപ്പം തന്നെ മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി, കെകെ ശൈലജ, ജി സുധാകരൻ തുടങ്ങിയവർ ഉൽഘാടനത്തിൽ വിശിഷ്‌ടാഥിതികളായും പങ്കെടുക്കും.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വരുന്ന രാജ്യത്തെ തന്നെ ആദ്യത്തെ മെഡിക്കൽ കോളേജാണ് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ്. നിലവിൽ 3 ബ്ളോക്കുകളുടെ നിർമ്മാണമായിരുന്നു ഇവിടെ പുരോഗമിച്ചിരുന്നത്. ഇതിൽ നിർമ്മാണം പൂർത്തിയാക്കിയ നടുവിലത്തെ ബ്ളോക്കിലാണ് ഇപ്പോൾ ഒപി ആരംഭിക്കുന്നത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇഎൻടി, നേത്രരോഗം, ചർമരോഗം, മാനസികാരോഗ്യവിഭാഗം, ദന്തവിഭാഗം എന്നീ വിഭാഗങ്ങളിലെ ഒപിയാണ് ആദ്യഘട്ടത്തിന്റെ ഭാഗമായി നാളെ ഉൽഘാടനം ചെയ്യാൻ പോകുന്നത്.
നിലവിൽ നിർമ്മാണം തുടരുന്ന മറ്റ് രണ്ട് ബ്ളോക്കുകളുടെ നിർമ്മാണം 2 മാസത്തിനകം പൂർത്തിയാക്കി ക്ളിനിക്കൽ ഒപി ആരംഭിച്ച് കിടത്തി ചികിൽസ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. അതുവരെ ജനറൽ മെഡിസിൻ വിഭാഗത്തിലെ രോഗികൾക്ക് മാത്രമാകും കിടത്തി ചികിൽസ നൽകുക. മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് നിർദേശിക്കും. 18 വിഭാഗങ്ങളുടെ ഒപിയാണ് മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ബ്ളോക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നതിന് അനുസരിച്ച് ഒപികളുടെ എണ്ണം വർധിപ്പിക്കുന്നതായിരിക്കും.
Read also : നടൻ കൃഷ്‌ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു