റഫ: ഇസ്രയേൽ- ഹമാസ് സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കടുത്ത പ്രതിസന്ധിയിലായ ഗാസയിലേക്ക് റഫ അതിർത്തി വഴി സഹായങ്ങളുമായി കൂടുതൽ ട്രാക്കുകളെത്തി. റഫ അതിർത്തി തുറന്ന് കൂടുതൽ ട്രക്കുകൾക്ക് ഗാസയിലേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, എത്ര ട്രക്കുകളാണ് കടത്തിവിട്ടതെന്ന് വ്യക്‌തമല്ല.
ആദ്യഘട്ടത്തിൽ 20 ട്രക്കുകളും രണ്ടാം ഘട്ടത്തിൽ 14 ട്രക്കുകളുമാണ് ഇതുവരെ റഫ അതിർത്തി വഴി ഗാസയിലേക്ക് സഹായ വിതരണത്തിനായി കടത്തിവിട്ടത്. ഇതിന് പിന്നാലെയാണ് മൂന്നാംഘട്ടത്തിൽ കൂടുതൽ ട്രക്കുകൾ ഗാസയിലേക്ക് എത്തിയത്. എന്നാൽ, സംഘർഷത്തിന് മുൻപ് നൽകിയിരുന്നതിന്റെ നാല് ശതമാനം പോലും സഹായം ഇപ്പോൾ എത്തിക്കാനാകുന്നില്ലെന്ന് യുഎൻ വ്യക്‌തമാക്കി. ഇന്ധനം കൊണ്ടുപോകാൻ ഇസ്രയേൽ അനുവദിക്കാത്തതിനാൽ ആശുപത്രികളുടെയും കടൽജല ശുദ്ധീകരണ പ്ളാന്റുകളുടെയും പ്രവർത്തനം സ്‌തംഭനത്തിലാണ്.
മലിനജലത്തെ ആശ്രയിക്കേണ്ടി വരുന്നതിനാൽ വയറിളക്കം ഉൾപ്പടെയുള്ള രോഗങ്ങൾ വ്യാപകമാകുന്നുമുണ്ട്. അതിനിടെ, ഗാസയിലെ പലസ്‌തീൻ ജനതയ്‌ക്ക് ഇന്ത്യയുടെ സഹായവുമായുള്ള വിമാനം ഈജിപ്‌ത്തിലെത്തി. മരുന്ന്, ഭക്ഷ്യവസ്‌തുക്കൾ, വസ്ത്രങ്ങൾ, ടെന്റുകൾ, സ്‌ളീപ്പിങ് ബാഗുകൾ എന്നിവയടക്കം 40 ടൺ സാമഗ്രികളുമായി വ്യോമസേനയുടെ സി 17 വിമാനമാണ് ഈജിപ്‌തിൽ എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ സഹായം എത്തിക്കുമെന്ന് വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു.
അതേസമയം, ഗാസ അതിർത്തിയിൽ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ വെസ്‌റ്റ് ബാങ്കിലേക്കും ലെബനോൻ അതിർത്തിയിലേക്കും പടർന്നതോടെ യുദ്ധം അതി തീവ്രമായിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ലയും യുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്. ലെബനോൻ അതിർത്തിയിൽ ഇസ്രയേലിന് നേരെ ഹിസ്ബുല്ല തുടരെ ആക്രമണങ്ങൾ നടത്തി. വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചെന്നും രണ്ടു ഹിസ്ബുല്ല സംഘങ്ങളെ ഇസ്രയേൽ അവകാശപ്പെട്ടു.
യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിൽ ഇസ്രയേൽ അതിർത്തിയിലെ പൗരൻമാരെ ഒഴിപ്പിക്കുകയാണ്. ഗാസയിലെ ആക്രമണം നിർത്തിയില്ലെങ്കിൽ സ്‌ഥിതി കൈവിട്ടുപോകുമെന്ന് ഇസ്രയേലിന് ഇറാന്റെ ഭീഷണിയുണ്ട്. കാര്യങ്ങൾ ഈ നിലയിൽ എത്തിയതിന്റെ ഉത്തരവാദി അമേരിക്കയാണെന്നും ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സി പറഞ്ഞു. 17 ദിവസത്തിനിടെ ഏറ്റവും ശക്‌തമായ വ്യോമാക്രമണമാണ് ഇന്നലെ ഗാസയിൽ നടത്തിയത്.
നൂറുകണക്കിന് കേന്ദ്രങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഹമാസ് ആക്രമണത്തിൽ ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കുമുണ്ട്. കടന്നു കയറിയ ശത്രുവിനെ വധിച്ചുവെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ആകെ മരണസംഖ്യ അയ്യായിരത്തിലേക്ക് അടുക്കുകയാണ്. കൊല്ലപ്പെട്ടവരിൽ 1800ലേറെ കുട്ടികളും അയ്യായിരത്തിലേറെ സ്‌ത്രീകളും ഉണ്ട്.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം