ജെസ്‌നയുടെ തിരോധാനം; നാല് വർഷങ്ങൾക്ക് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സിബിഐ

By News Desk, Malabar News
jesna missing case cbi issued lookout notice
Ajwa Travels

കോട്ടയം: കേരളമാകെ ഇന്നും ചർച്ച ചെയ്യുന്ന ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാർഥിയുടെ തിരോധാനത്തിൽ പുതിയ വഴിത്തിരിവ്. ജെസ്‌നയെ കാണാതായി നാല് വർഷത്തിന് ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ. പ്രാദേശികമായാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇതിനിടെ ജെസ്‌നയെ വിദേശത്തേക്ക് കടത്തിയതായി സംശയിക്കുന്നുവെന്ന് സിബിഐ എഫ്‌ഐആറിൽ പറയുന്നു. തീവ്രവാദികൾ വ്യാജ പാസ്‌പോർട്ടിൽ ജെസ്‌നയെ വിദേശത്തേക്ക് കടത്തിയതായാണ് സിബിഐയുടെ സംശയം. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജെസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്‌ഥാന കണ്ണികളുണ്ടെന്നും പറയുന്നു.

ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. തെളിവുകളുടെ കണ്ണികള്‍ കോര്‍ത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും.

എഫ്‌ഐആറിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അത് സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്നും സംശയിക്കപ്പെടുന്ന വ്യക്‌തികൾ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്‌റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്‌ഐആറിലുണ്ട്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിനിക്‌സ്‌ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനി ആയിരുന്ന ജെസ്‌നയെ (20) 2018 മാർച്ച് 22നാണ് കാണാതായത്. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലക്ക് അടുത്തുള്ള വീട്ടിൽ നിന്ന് രാവിലെ പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്‌ന പിന്നെ എവിടെ പോയി എന്ന് ആർക്കുമറിയില്ല.

ജെസ്‌നയെ കാണാതായ അന്നു രാത്രി തന്നെ പിതാവ് ജെയിംസ് എരുമേലി പോലീസ് സ്‌റ്റേഷനിലും പിന്നീട് വെച്ചൂചിറ പോലീസിലും പരാതി നൽകി. പഠിക്കാനുള്ള പുസ്‌തകങ്ങൾ അല്ലാതെ മറ്റൊന്നും ജെസ്‌ന കൈയിൽ കരുതിയിട്ടില്ലായിരുന്നു. വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെയുള്ള മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയതുമാണ് പോലീസിന് ലഭിച്ച ഏക തെളിവ്.

ആദ്യം ലോക്കൽ പോലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. ജെസ്‌നയുടെ വാട്‍സ്‌ആപ്പും മൊബൈൽ ഫോണുമൊക്കെ പോലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ബെംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വിവരശേഖരണപ്പെട്ടി സ്‌ഥാപിക്കുകയും എന്തെങ്കിലും വിവരങ്ങൾ കൈമാറുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

പിന്നീട് 2018 മുതല്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാന്‍ സാധിക്കാത്ത കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് 2021 ഫെബ്രുവരി 19ന് ഹൈക്കോടതിയില്‍ സിബിഐ ബോധിപ്പിക്കുകയായിരുന്നു. സിബിഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രാഥമിക തെളിവുകള്‍ ശേഖരിച്ച് കേസെടുക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിച്ചത്.

Most Read: ദിലീപിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE