തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനത്തിന് മത തീവ്രവാദവുമായി ബന്ധമില്ലെന്ന് സിബിഐ. ജെസ്‌ന മരിച്ചതായി തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അച്ഛനെയും ആൺ സുഹൃത്തിനെയും നുണ പരിശോധന നടത്തിയിട്ടും തെളിവുകളൊന്നും കിട്ടിയില്ലെന്നും സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജെസ്‌ന സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജെസ്‌നയുമായി ബന്ധപ്പെട്ടു സമീപ സംസ്‌ഥാനങ്ങളിലും ആത്‍മഹത്യാ പോയിന്റുകളിലും പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടി. എന്നാൽ, എവിടെ നിന്നും ഒരു തെളിവ് പോലും ലഭിച്ചില്ല. കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നും സിബിഐ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ജെസ്‌ന തിരോധാന കേസിൽ സിബിഐ നൽകിയ റിപ്പോർട്ടിൽ പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ കോടതി ജെസ്‌നയുടെ പിതാവിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അന്വേഷണം താൽക്കാലികമായി അവസാനിപ്പിക്കാനാണ് സിബിഐ കോടതിയിൽ റിപ്പോർട് നൽകിയത്. ഈ റിപ്പോർട് കോടതി സ്വീകരിക്കുന്നതിന് മുമ്പാണ് പരാതിക്കാരനായ ജെസ്‌നയുടെ പിതാവിനോട് പരാതിയുണ്ടെങ്കിൽ അറിയിക്കാൻ കോടതി നോട്ടീസ് നൽകിയത്. കേസ് ഈ മാസം 19ന് കോടതി പരിഗണിക്കും.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പല ഘട്ടങ്ങളിലായി ഐജി മനോജ് ഏബ്രഹാം ഉൾപ്പടെയുള്ളവർ കേസ് അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
ജെസ്‌നയെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം അഞ്ചുലക്ഷം രൂപവരെ വാഗ്‌ദാനം ചെയ്‌ത സാഹചര്യവുമുണ്ടായി. നിരവധിപേർ ജെസ്‌നയെ കണ്ടെത്തിയതായി അറിയിച്ചു രംഗത്തു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ അത് ജെസ്‌നയല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, മുൻ കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത് എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2021 ഫെബ്രുവരിയിൽ കേസ് ഏറ്റെടുത്ത സിബിഐക്കും ജെസ്‌ന എവിടെയെന്ന് കണ്ടെത്താനായില്ല. മതപരിവർത്തന കേന്ദ്രങ്ങളിലടക്കം സംസ്‌ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. അച്ഛനും സുഹൃത്തിനും എതിരെ ചിലർ സംശയം ഉന്നയിച്ചിരുന്നു. രണ്ടുപേരെയും രാജ്യത്തെ മികച്ച ലാബുകളിൽ കൊണ്ടുപോയി ശാസ്‌ത്രീയ പരിശോധന നടത്തി. തിരോധാനത്തിൽ രണ്ടുപേർക്കും പങ്കില്ലെന്ന് തെളിഞ്ഞു.
കാണാതാകുന്നതിന് തലേദിവസം മരിക്കാൻ പോകുന്നുവെന്ന ഒരു സന്ദേശമാണ് ജെസ്‌ന സുഹൃത്തിന് അയച്ചത്. ജെസ്‌നയെ കാണാനില്ലെന്ന് റിപ്പോർട് ചെയ്‌ത ആദ്യ 48 മണിക്കൂറിൽ ലോക്കൽ പോലീസ് വലിയ അലംഭാവം കാട്ടിയെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആ സമയത്ത് ശേഖരിക്കേണ്ടിയിരുന്ന തെളിവുകൾ ശേഖരിച്ചില്ല. അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ജെസ്‌ന ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടെന്ന് പ്രചരിപ്പിച്ചു. ഇത് തീർത്തും അടിസ്‌ഥാന രഹിതമായിരുന്നുവെന്നും സിബിഐ പറയുന്നു.
Most Read| പീഡനക്കേസ്; പിജി മനുവിന് കീഴടങ്ങാൻ 10 ദിവസം സമയം അനുവദിച്ചു ഹൈക്കോടതി