ചേതനയറ്റ് ഒടുവിലവർ നാടണഞ്ഞു; നെഞ്ചുപൊട്ടി കേരളം

23 മലയാളികൾ, ഏഴ് തമിഴ്‌നാട് സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്‌ഥാന സർക്കാർ ഏറ്റുവാങ്ങുക. മുംബൈയിൽ സംസ്‌കാരം നടക്കുന്ന മലയാളി ഡെന്നി ബേബി അടക്കമുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഉടൻ ഡെൽഹിക്ക് തിരിക്കും.

By Trainee Reporter, Malabar News
ministers
Ajwa Travels

കൊച്ചി: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാവിലെ ആറരയോടെ കുവൈത്തിൽ നിന്ന് പുറപ്പെട്ട വിമാനം പത്തരയോടെയാണ് നെടുമ്പാശേരിയിൽ എത്തിയത്.

23 മലയാളികൾ, ഏഴ് തമിഴ്‌നാട് സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്‌ഥാന സർക്കാർ ഏറ്റുവാങ്ങുക. മുംബൈയിൽ സംസ്‌കാരം നടക്കുന്ന മലയാളി ഡെന്നി ബേബി അടക്കമുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഉടൻ ഡെൽഹിക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങുക. വിമാനത്താവളത്തിൽ പൊതുദർശനമുണ്ടാകും.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മറ്റു മന്ത്രിമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കും. മൃതദേഹങ്ങൾക്ക് സർക്കാരിന്റെ ഗാർഡ് ഓഫ് ഓണർ നൽകും. കൊച്ചിയിൽ നിന്ന് മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ആംബുലൻസുകൾ സജ്‌ജമാണ്. മൃതദേഹവുമായി പോകുന്ന ഓരോ ആംബുലൻസിന് ഒപ്പവും പോലീസ് പൈലറ്റ് വാഹനമുണ്ടാകും.

അതിനിടെ, തീപിടിത്തത്തിൽ 50 പേരുടെ മരണം സ്‌ഥിരീകരിച്ചതായി കുവൈത്തിലെ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് റിപ്പോർട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആളെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രമുഖ മലയാളി വ്യവസായി ആയ കെജി എബ്രഹാമിന്റെ ഉടമസ്‌ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു ബുധനാഴ്‌ച പുലർച്ചെ തീപിടിത്തം ഉണ്ടായത്.

അതിനിടെ, കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ശരിയല്ലാത്ത കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വിവാദത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രി വീണാ ജോർജിന് കുവൈത്തിലേക്ക് യാത്ര ചെയ്യാനുള്ള പൊളിറ്റിക്കൽ ക്ളിയറൻസ് കേന്ദ്രം നിഷേധിച്ചതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വീണാ ജോർജ് വിമാനത്താവളം വരെ വന്ന ശേഷമാണ് തിരികെ പോയത്. ഇപ്പോൾ അത് വിവാദമാക്കേണ്ട. പിന്നെ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ജീവനാഡിയായാണ് പ്രവാസികളെ കാണുന്നത്. പ്രവാസി ജീവിതത്തിനിടയ്‌ക്ക് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിൽ സംഭവിച്ചത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഒരിക്കലും തീരാത്ത നഷ്‌ടമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുവൈത്ത് സർക്കാർ ശക്‌തമായ നടപടികളാണ് സ്വീകരിച്ചത്. തുടർ നടപടികൾ കുറ്റമറ്റതായ രീതിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരും ശരിയായ രീതിയിൽ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി പോവുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്‌തു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കാൻ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മതിയായ നഷ്‌ടപരിഹാരം കുടുംബങ്ങൾക്ക് നൽകാൻ കുവൈത്ത് സർക്കാർ നേതൃത്വം കൊടുക്കുമെന്ന് കരുതുന്നു. ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE