കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള. ആശുപത്രി വളപ്പിലെ തേക്ക് മരം ഉൾപ്പടെയുള്ള ലക്ഷകണക്കിന് രൂപയുടെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചു കടത്തിയത്. അഞ്ച് തേക്ക് മരവും രണ്ട് വാക ഉൾപ്പടെയുള്ള മരങ്ങളാണ് കടത്തിയത്. ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്റെ മറവിലാണ് മരം കൊള്ള നടത്തിയിരിക്കുന്നത്.
നഗരസഭാ ഭരണസമിതിയുടെ അറിവിടെയാണ് കൊള്ള നടന്നതെന്നാണ് ആരോപണം. കഴിഞ്ഞ ശനിയും, ഞായറും മുറിച്ച വലിയ മരങ്ങൾ അപ്പോൾ തന്നെ ലോറിയിൽ കടത്തികൊണ്ടു പോയെന്നാണ് വിവരം. തേക്ക് ഉൾപ്പടെയുള്ള മരങ്ങളുടെ ശിഖരങ്ങളും മുറിച്ച് മാറ്റുന്നതിന് മുന്നോടിയായി വെട്ടി മാറ്റിയിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള റോഡ് വികസനം വർഷങ്ങളായി നഗരസഭയുടെ പരിഗണനയിലുള്ള കാര്യമാണ്.
പ്രധാന ഗേറ്റിലൂടെ പ്രവേശിച്ച് ആശുപത്രിയുടെ പിറകിലേക്ക് ഇറങ്ങുന്ന തരത്തിൽ വൺവേ സംവിധാനം ഒരുക്കാനാണ് ലക്ഷ്യം. ഇതേ തുടർന്ന് ആശുപത്രി വികസനത്തിന് തടസമാകുന്ന മരങ്ങൾ മുറിക്കാനും പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനും കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാൻ വിഎം മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. മൂന്ന് തേക്ക് മരവും രണ്ട് വാകയും മുറിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ, ടെൻഡർ പൂർത്തിയാകും മുമ്പാണ് അനുമതിയില്ലാതെ ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു കടത്തിയത്. റോഡ് വികസനവുമായി ബന്ധമില്ലാത്ത ഭാഗത്തെ മരങ്ങളടക്കം നിലവിൽ മുറിച്ചു മാറ്റിയ അവസ്‌ഥയാണ്. കാസർഗോഡ് നഗരസഭാ ഭരണ സമിതിയുടെ അറിവോടെയാണ് മരം കൊള്ള നടന്നതെന്നാണ് വ്യാപകമായി ആരോപണം ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ മരം മുറി താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
Most Read: കോവിഡ് പരിശോധനാ നിരക്ക് കുറച്ച നടപടി; ലാബുടമകൾ ഹൈക്കോടതിയിൽ