കണ്ണൂർ: ആറളം ഫാമിലിൽ നിന്ന് വ്യാപകമായി ചൂരൽ മുറിച്ചു കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ളോക്കിൽ നിന്നാണ് ചൂരൽ മുറിച്ചുകടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയുടെ മറവിലാണ് ഇവിടെ നിന്ന് വർഷങ്ങൾ പഴക്കമുള്ള ചൂരലുകൾ മുറിച്ചു കടത്തുന്നത്. പതിമൂന്നാം ബ്ളോക്കിലെ ഫാമിൽ നിന്നും 2,000 ചൂരലുകൾ മുറിച്ചുമാറ്റാനാണ് കൊട്ടിയൂർ റേഞ്ച് ഓഫിസർ അനുമതി നൽകിയത്.
എന്നാൽ, ഈ അനുമതിയുടെ മറവിൽ ലോഡ് കണക്കിന് ചൂരലുകളാണ് ഇവിടെ നിന്ന് മുറിച്ചു കടത്തിയതെന്നാണ് വിവരം. എത്ര ചൂരലുകൾ മുറിച്ചെന്നത് സംബന്ധിച്ച് വനംവകുപ്പിന്റെ കയ്യിലും കൃത്യമായ രേഖകൾ ഇല്ല. വന്യമൃഗശല്യം രൂക്ഷമായതിനാൽ പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ചൂരലുകൾ മുറിച്ചു മാറ്റുന്നതെന്നാണ് ഡിആർഡിഎം അധികൃതരുടെ വിശദീകരണം. എന്നാൽ, ചൂരൽമുറിച്ച പ്രദേശത്തോ അതിന് സമീപത്തോ ജനങ്ങൾ താമസിക്കുന്നില്ല.
മാത്രവുമല്ല, മൂർച്ചയേറിയ മുള്ളുകളുള്ള ചൂരലുകൾ വന്യമൃഗങ്ങളെ പ്രതിരോധിക്കാനാണ് ഉപകരിക്കുകയെന്നും നാട്ടുകാർ പറയുന്നു. അതേസമയം, അറുപതിലധികം കാട്ടാനകൾ തമ്പടിച്ചിട്ടുള്ള ഫാമിൽ കാടുകൾ വെട്ടിമാറ്റാൻ ഒരു നടപടിയും സ്വീകരിക്കാതെ ചൂരൽ മുറിച്ചുമാറ്റാൻ അധികൃതർ തിരക്കിട്ട് അനുമതി നൽകിയതിൽ ദുരൂഹത ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
Most Read: പച്ചക്കറി ഏജന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; മൂന്ന് പേർ പിടിയിൽ