തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. കേസില്‍ ചെന്നിത്തലക്കെതിരെ അന്വേഷണം നടത്തുന്നതിന് സ്‌പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് വ്യക്‌തമാകുന്നത്. ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് ചെന്നിത്തലക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം. കേസിനാസ്‌പദമായ പണം കൈമാറിയ സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയല്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ ബാര്‍ ലൈസന്‍സ് തുക കുറക്കുന്നതിനായി കോഴ വാങ്ങിയെന്നാണ് ബിജു രമേശിന്റെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മൂവര്‍ക്കുമെതിരെ അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്‌പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
രമേശ് ചെന്നിത്തലക്കെതിരെ ബിജു രമേശ് ആരോപണങ്ങള്‍ ഉന്നയിച്ചത് വിവാദമായിരുന്നു. ചെന്നിത്തല അഭ്യര്‍ഥിച്ചത് മൂലമാണ് തുടക്കസമയത്ത് ചെന്നിത്തലക്കെതിരെ മൊഴി നല്‍കാതിരുന്നത് എന്നാണ് ബിജു രമേശ് പറയുന്ന വാദം.
Read also : എംസി കമറുദ്ദിൻ എംഎൽഎയെ ഏഴ് കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്‌തു