ലിജു കൃഷ്‌ണയെ വിലക്കണം; പോഷ് നിയമം നടപ്പിലാക്കണമെന്നും ഡബ്ള്യുസിസി

By News Bureau, Malabar News
Ajwa Travels

‘പടവെട്ട്’ സിനിമയുടെ സംവിധായകൻ ലിജു കൃഷ്‌ണ ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായതിന് പിന്നാലെ അതിജീവിതയ്‌ക്ക് പിന്തുണ അറിയിച്ച് മലയാള സിനിമാ രംഗത്തെ സ്‌ത്രീകളുടെ സംഘടനയായ ഡബ്ള്യുസിസി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഡബ്ള്യുസിസി നിലപാട് വ്യക്‌തമാക്കിയത്‌.

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമം നടപ്പാക്കുന്നതിനും ഹേമ കമ്മീഷൻ റിപ്പോർട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു ഞെട്ടിക്കുന്ന സംഭവമെന്നും എല്ലാം തുറന്നു പറയുവാനുള്ള അതിജീവിതയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായും ഡബ്ള്യുസിസി വ്യക്‌തമാക്കി.

കേസ് തീർപ്പാകുന്നത് വരെ എല്ലാ സിനിമാ മേഖലകളിൽ നിന്നും ലിജു കൃഷ്‌ണയുടെ അംഗത്വം റദ്ദാക്കണമെന്നും മലയാള സിനിമയിൽ ലിജു കൃഷ്‌ണയെ പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കണമെന്നും ഡബ്ള്യുസിസി ആവശ്യപ്പെട്ടു. ലിജു കൃഷ്‌ണക്കെതിരെയുള്ള അതിജീവിതയുടെ കുറിപ്പും ഡബ്ള്യുസിസി പങ്കുവെച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്‌ണയെ ബലാൽസംഗക്കേസിൽ ഇന്നലെ അറസ്‌റ്റ് ചെയ്‌തു. ഡബ്ള്യുസിസി അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

1) കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്‌ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.

2) കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്‌ണയെ വിലക്കണം. മലയാളം സിനിമാ നിർമാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്‌ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ള്യുസിസി ആവർത്തിക്കുന്നു.

കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസ് കഴിഞ്ഞ ദിവസമാണ് സഹപ്രവർത്തകയുടെ പരാതിയിൻമേൽ ലിജു കൃഷ്‌ണയെ അറസ്‌റ്റ് ചെയ്‌തത്‌. കണ്ണൂരില്‍ വെച്ച് ‘പടവെ’ട്ടിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഇയാളെ ഇയാളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്.

Most Read: മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജി വെള്ളിയാഴ്‌ച പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE