എറണാകുളം: മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. ചാലക്കുടി മുൻ എംപി കൂടിയായ ഇന്നസന്റ് (75) ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മുമ്പുവന്ന ക്യാൻസറിനോട് പോരാടി ജീവിതത്തിലേക്ക് ശക്‌തമായ തിരിച്ചുവരവ് നടത്തിയ ഇദ്ദേഹം ഇത്തവണ കീഴടങ്ങുകയായിരുന്നു. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടാഴ്‌ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്റ് 1972ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.
തുടർച്ചയായ അഭിനയത്തിലൂടെ ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്‍പീക്കിംഗ്’, ‘ഡോക്‌ടർ പശുപതി’, ‘മാന്നാർ മത്തായി സ്‍പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി.
മികച്ച സഹനടനുള്ള സംസ്‌ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 2003 മുതൽ 2018 വരെ പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം രാഷ്‌ട്രീയയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ഇടതുപക്ഷ പിന്തുണയിൽ സ്വതന്ത്രനായി ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയിലേക്ക് മൽസരിച്ചു ജയിച്ചിരുന്നു.
1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ ഓർമകളെ അടിസ്‌ഥാനമാക്കി കഥകളും ലേഖനങ്ങളും ആത്‌മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അൽഭുതവിളക്കും’ എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.
കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം ഉണ്ടാകും. രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും രണ്ടുമണി മുതൽ ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. വൈകുന്നേരം അഞ്ചുമണിയോടെ സ്വവസതിയായ ഇരിങ്ങാലക്കുട ‘പാർപ്പിട’ത്തിൽ എത്തിക്കും. സംസ്‌കാരം 28നു രാവിലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും.
Most Read: 36 ഉപഗ്രഹങ്ങളുമായി എൽവിഎം-ത്രീ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു