ന്യൂഡെല്‍ഹി: കോവിഡ് കാലഘട്ടത്തിലെ ലോണ്‍ തിരിച്ചടവുകളുമായി ബന്ധപ്പെട്ട്, കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്ന് സുപ്രീം കോടതി. കോടതി ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ഇല്ലെന്നാണ് സുപ്രീം കോടതി അറിയിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും സമഗ്രമായ മറുപടി ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം ഒരാഴ്‌ച്ചക്ക് ഉള്ളില്‍ നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ നിഗമനങ്ങള്‍ പഠിച്ച് മറുപടി നല്‍കാന്‍ ഹരജിക്കാര്‍ക്കും കോടതി ഒരാഴ്‌ച്ച സമയം അനുവദിച്ചു. കേസ് ഇനി ഒക്‌ടോബർ 13-ന് പരിഗണിക്കും. രണ്ട് കോടി രൂപ വരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വലിയ ആശ്വാസവുമായാണ് ആറ് മാസത്തെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കുന്ന തീരുമാനം എത്തിയത്. എന്നാല്‍, സത്യവാങ്മൂലത്തില്‍ പൂര്‍ണമായ വിവരങ്ങള്‍ ഇല്ല എന്നാണ് ഇപ്പോള്‍ സുപ്രീം കോടതി വ്യക്‌തമാക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റു മേഖലയിലുമുള്ള വലിയ വായ്‌പകള്‍ എങ്ങനെ പുനഃക്രമീകരിക്കുമെന്ന ചോദ്യം കോടതി ഉന്നയിച്ചിരുന്നു. ആ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. വന്‍കിട വായ്‌പകള്‍ പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ആര്‍ബിഐ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ആ കമ്മിറ്റി നിരവധി ശുപാര്‍ശകള്‍ അടങ്ങിയിട്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെന്നും കോടതി വിമര്‍ശിച്ചു.
Read Also: നടി തമന്നക്ക് കോവിഡ് സ്ഥിരീകരിച്ചു
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് പുതിയ സത്യവാങ്മൂലം നല്‍കണമെന്നും റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഏതു തരത്തിലാണ് ആശ്വസം നല്‍കുന്നതെന്നും അതേക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി സമര്‍പ്പിക്കണമെന്നും കോടതി വ്യക്‌തമാക്കി.
നേരത്തേ പിഴപ്പലിശ ഒഴിവാക്കാന്‍ ആകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. ഇത് ബാങ്കുകളെ വലിയ രീതിയില്‍ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. എന്നാല്‍, ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറക്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ച് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ വിദഗ്‌ധ സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
Also Read: മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു