പോലീസ് ആക്‌ട് ഭേദഗതി; മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാൻ നീക്കം; ആരോപണം

By News Desk, Malabar News
Chennithala About Police Act Amendment
Ajwa Travels

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് ആക്‌ടിൽ കൊണ്ടുവന്ന ഭേദഗതി മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാനാണെന്ന് ആരോപണം. മാദ്ധ്യമങ്ങൾക്കെതിരെ പൊലീസിന് ഇനി സ്വയം കേസെടുക്കാം. കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്ന ഭേദഗതി വഴി മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനും വിലക്കാനുമാണ് സർക്കാരിന്റെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

എന്നാൽ, പുതിയ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്‌ത്രീകൾക്കെതിരെ തുടർച്ചയായി സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന അതിക്രമങ്ങളെ തടയാൻ പര്യാപ്‌തമായ നിയമം കേരളത്തിൽ നിലവിലില്ലാത്ത സാഹചര്യത്തിലാണ് പോലീസ് ആക്‌ട് ഭേദഗതി ചെയ്‌തതെന്ന്‌ സർക്കാർ വിശദീകരിച്ചു. വ്യാജ വാർത്തകൾ തടയാൻ ശക്‌തമായ നടപടികൾ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭേദഗതി കൊണ്ടുവന്നത്. പോലീസ് ആക്‌ടിൽ 118 എന്ന ഉപവകുപ്പ് കൂട്ടിച്ചേർത്താണ് ഭേദഗതി നടപ്പാക്കിയത്.

അതേസമയം, പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്ത വന്നാൽ അഞ്ച് വർഷം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. അതിനാൽ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്‌ധർ പറയുന്നത്.

മുഖ്യധാരാ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കെതിരെ പരാതി നൽകാനുള്ള സംവിധാനവും നിലവിലുണ്ട്. അല്ലെങ്കിൽ, കോടതിയെ സമീപിക്കാം. വാർത്തയിൽ പരാമർശിച്ചിട്ടുള്ള വ്യക്‌തിക്ക്‌ മാത്രമാണ് നിയമനടപടി സ്വീകരിക്കാനാവുക. അപകീർത്തി വാർത്തയാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ കോടതിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകുന്നത്. കൂടാതെ, ആർക്ക് വേണമെങ്കിലും ഏത് പോലീസ് സ്‌റ്റേഷനിലും മാദ്ധ്യമങ്ങൾക്കെതിരെയോ മാദ്ധ്യമ പ്രവർത്തകർക്കെതിരെയോ പരാതി നൽകാനും ഭേദഗതിയിലൂടെ സാധിക്കും. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ച ഉടനെ പോലീസിന് കേസെടുക്കേണ്ടി വരും. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

ശരിയായ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുകയുള്ളൂ എന്ന് ആഭ്യന്തര വകുപ്പ് വ്യക്‌തമാക്കി. സൈബർ അതിക്രമങ്ങൾ തടയാൻ നിയമ വിദഗ്‌ധർ ഉൾപ്പടെ വിശദമായ കൂടിയാലോചനക്ക് ശേഷമാണ് ഭേദഗതി നടപ്പാക്കിയതെന്നും ആഭ്യന്തര വകുപ്പ് പറഞ്ഞു.

Also Read: സ്വവര്‍ഗ ലൈംഗികത; സഭയുടെ നിലപാടില്‍ മാറ്റമില്ല; മാര്‍പ്പാപ്പയെ തള്ളി കെസിബിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE