നവകേരള സദസിന് ഇന്ന് സമാപനം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ

വട്ടിയൂർക്കാവ് പോളിടെക്‌നിക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം.

By Trainee Reporter, Malabar News
navakerala sadas
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് ഇന്ന് തലസ്‌ഥാനത്ത് സമാപനം. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് തിരുവനന്തപുരത്തെ അഞ്ചു മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് സദസ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്‌നിക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം.

അതേസമയം, കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവെച്ചിരുന്നു. അടുത്ത മാസം 1,2 തീയതികളിൽ മാറ്റിവെച്ച പര്യടനം പൂർത്തിയാക്കും. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് തലസ്‌ഥാനത്ത് സമാപനം കുറിക്കുന്നത്. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഹൈക്കോടതി നടപടികൾക്കും ഇടേയാണ് നവകേരള സദസ് യാത്ര പൂർത്തിയാക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസത്തേതിന് സമാനമായി തലസ്‌ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

അതിനിടെ, മുഖ്യമന്ത്രിക്ക് എതിരേയുള്ള പ്രതിഷേധങ്ങൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചും ഇന്ന് നടക്കും. പത്തരയ്‌ക്ക് കെപിസിസി ആസ്‌ഥാനത്ത് നിന്നാണ് മാർച്ച് തുടങ്ങുക. കെ സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകും.

മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സംസ്‌ഥാന സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്. പരാതി പരിഹാര സംവിധാനം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. 140 മണ്ഡലങ്ങളിലേയും പര്യടനം രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ്, സർക്കാരിന്റെ ധൂർത്ത് എന്നീ റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതോടെ വിവാദങ്ങൾക്ക് ചൂടേറി.

മുഖ്യമന്ത്രിക്കെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി പ്രതിപക്ഷവും പ്രതിരോധവുമായി ഭരണപക്ഷ യുവജന സംഘടനകളും നേർക്കുനേർ വന്നതോടെ നവകേരള സദസിന്റെ റൂട്ട് പൂർണമായും വിവാദങ്ങളിലേക്ക് മാറി. പ്രതിഷേധക്കാർക്ക് എതിരായ ആക്രമണത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയും കൂടി ചെയ്‌തതോടെ അന്തരീക്ഷം കലുഷിതമായി. സദസിനിടെയുണ്ടായ സർക്കാർ ഉത്തരവുകളെല്ലാം തന്നെ ഹൈക്കോടതി മുറിയിലുമെത്തി.

വിവാദങ്ങളും വാക്ക് പോരുകളുമായി സമ്പന്നമായ യാത്ര എത്രകണ്ട് ലക്ഷ്യം കൈവരിച്ചുവെന്നാണ് ഉയരുന്ന ചോദ്യം. സാധാരണക്കാരന്റെ പരാതികളിൽ പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞോ, പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രകണ്ട് നടപ്പായി, നവകേരള സദസിന്റെ ആകെമൊത്തം ചിലവെത്ര തുടങ്ങി ഉത്തരം കിട്ടാനിരിക്കുന്ന ചോദ്യങ്ങൾ നിരവധിയാണ്. നവകേരള സദസ് സമാപിച്ചാലും അത് കൊളുത്തിവെച്ച വിവാദങ്ങൾ ഉടൻ കെട്ടടങ്ങില്ലെന്നാണ് സൂചന.

Most Read| പ്രതിഷേധം കടുക്കുന്നു; പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകി ബജ്‌രംഗ് പുനിയ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE