നിജയ് ഘോഷ് കഥയും തിരക്കഥയും എഴുതി മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം കുറച്ചുകൂടി മെച്ചപ്പെട്ട, പാൻഇന്ത്യ സ്വീകാര്യതലഭിക്കുന്ന ‘ഏകദന്ത‘ എന്ന ടൈറ്റിൽ സ്വീകരിച്ചു. കൊമേഴ്‌സ്യല്‍ മാസ്‌മസാല ചിത്രമായി, കാടിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ‘ഏകദന്ത‘ ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
നവാഗതനായ സംവിധായകൻ മഹേഷ് പാറയിൽ ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സിരീസുകളിലൂടെയും ശ്രദ്ധേയനായ വ്യക്‌തിയാണ്. വന്യമായ പ്രദേശത്ത് ഇടഞ്ഞു നിൽക്കുന്ന ഒറ്റക്കൊമ്പുള്ള ആനയുടെ ചിത്രം ഉൾപ്പെടുന്ന ടൈറ്റിൽ പോസ്‌റ്റർ ഇന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ‘ഏകദന്ത‘ എന്ന പേരുസ്വീകരിച്ച ശേഷമുള്ള ആദ്യ ടൈറ്റിൽ പോസ്‌റ്ററാണ് ഇന്ന് പുറത്തിറക്കിയത്.
ടോമിച്ചൻ മുളകുപാടം 25 കോടി രൂപ മുടക്കി നിർമിക്കുന്ന സിനിമയാണ് സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ‘. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രവും നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനും പരസ്‌പരം അറിയാതെ ഒരേ ടൈറ്റിൽ സ്വീകരിച്ചതാണ് പെരുമാറ്റത്തിന് പിന്നിലുള്ള കഥ. രണ്ടു മാസത്തെ ഇടവേളയിലാണ് ഒറ്റക്കൊമ്പൻ എന്ന പേരിൽ രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.
ഒരേ പേരിലുള്ള സിനിമാ ടൈറ്റിലുകൾ പ്രഖ്യാപിച്ച്, പിന്നീട് പേരു മാറ്റേണ്ടി വന്ന നിരവധി സിനിമകളുണ്ട്. ഈ നിരയിലെ പുതിയ ചിത്രമാവുകയാണ് നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ‘ഏകദന്ത‘ എന്ന ചിത്രം. രണ്ട് ചിത്രങ്ങളുടെയും പേരുകൾ സിനിമാ പ്രേമികൾക്കിടയിൽ സജീവ ചർച്ചയായെങ്കിലും മറ്റ് വിവാദങ്ങൾക്ക് വഴി കൊടുക്കാതെ പേരു മാറ്റുകയാണ് മഹേഷും കൂട്ടരും.
ഷിമോഗ ക്രിയേഷൻസിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറിൽ ഷബീർ പത്താൻ, നിധിൻ സെയ്‌നു മുണ്ടക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ബാദുഷ എൻഎം ആണ് പ്രൊജക്‌ട് ഡിസൈനർ. അര്‍ജുന്‍ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മ്യൂസിക്ക് & ബിജിഎം ഒരുക്കുന്നത് രതീഷ് വേഗയാണ്.
എഡിറ്റര്‍ – പിവി ഷൈജല്‍, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ്, കലാസംവിധാനം – ദിലീപ് നാഥ്, വസ്‌ത്രാലങ്കാരം ഡിസൈനർ – അക്ഷയ പ്രേംനാഥ്, മേക്കപ്പ് – രാജേഷ് നെൻമാറ, സ്‌റ്റിൽസ് – ഗോകുൽ ദാസ്, പിആർഒ – പി ശിവപ്രസാദ്, പബ്‌ളിസിറ്റി ഡിസൈന്‍ – സഹീർ റഹ്‌മാൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മലയാള മുൻനിര താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും സംവിധായകൻ മഹേഷ് പറഞ്ഞു.
Most Read: ഇടവേള കഴിഞ്ഞു; പൃഥ്വിരാജ്- സുരാജ് കൂട്ടുകെട്ടിന്റെ ‘ജനഗണമന’ ഷൂട്ടിംഗ് തുടങ്ങി