‘മാസ്‌കിട്ടോണം, അകന്ന് നിന്നോണം’; വീട്ടിലെ ആഘോഷങ്ങൾക്കും വേണം കരുതൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ഈ വർഷം ഗംഭീരമാക്കണമെന്ന പ്രതീക്ഷയായിരുന്നു ഏവരുടെയും ഉള്ളിൽ. എന്നാൽ പ്രതീക്ഷകളെയൊക്കെ പാടെ തെറ്റിച്ചുകൊണ്ട് ഇത്തവണയും ‘കോവിഡോണം’ തന്നെ. 2020ലെ അവസ്‌ഥയിൽ മാറ്റം വന്നില്ലെന്ന് മാത്രമല്ല കോവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാകുകയാണ് ഉണ്ടായത്. പഴയ സന്തോഷങ്ങൾ തിരിച്ചുപിടിക്കാൻ ഒരൽപം ജാഗ്രത അത്യാവശ്യമാണ്.

ഓണം പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും ആരും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. കഴിഞ്ഞ ഓണക്കാലത്ത് 2000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. ഓണക്കാല ഇളവുകൾ കഴിഞ്ഞതോടെ അത് 11,000ത്തോളമായി ഉയർന്നു. ഇത്തരം അശ്രദ്ധകൾ ഇത്തവണ സംഭവിച്ചുകൂടാ. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസ് ഭീഷണി ഉൾപ്പടെ സംസ്‌ഥാനത്ത് നിലനിൽക്കുന്നുണ്ട്. പ്രതിദിന കേസുകൾ 20,000ത്തിന് മുകളിലാണ്. മൂന്നാം തരംഗം മുന്നിൽ കണ്ട് മുന്നൊരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.

അതിനാൽ, സമൂഹത്തിന്റെ സുരക്ഷ നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം മടി കൂടാതെ തന്നെ എല്ലാവരും ഏറ്റെടുക്കുകയും വേണം. ഓണം കഴിഞ്ഞ് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

‘ഓണം സോപ്പിട്ട്, മാസ്‌കിട്ട്, ഗ്യാപ്പിട്ട്’ എന്ന സന്ദേശത്തോടെയായിരുന്നു കഴിഞ്ഞ വർഷത്തെ ഓണാഘോഷം. ഇത് ഇത്തവണയും പിന്തുടരണം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. കടകളില്‍ പോകുന്നവരും കച്ചവടക്കാരും യാത്ര ചെയ്യുന്നവരും ഡബിള്‍ മാസ്‌കോ, എന്‍ 95 മാസ്‌കോ ധരിക്കേണ്ടതാണ്. ഇടക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം.

സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ സ്‌പര്‍ശിക്കാന്‍ പാടില്ല. എല്ലായിടത്തും 2 മീറ്റര്‍ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.

കോവിഡ് കാലമാണേ, അകന്ന് നിന്നുകൊണ്ട് അടുത്ത് നിൽക്കാം

കൊറോണ വൈറസ് ആരിൽ നിന്ന് ആരിലേക്ക് വേണമെങ്കിലും വേഗത്തിൽ പടരാം. വീട്ടിലെ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ള അംഗങ്ങൾക്കും വൈറസ് ബാധയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാഹചര്യം മനസിലാക്കി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുകൂടൽ പരമാവധി കുറയ്‌ക്കണം. വീട്ടിലെ അതിഥികൾ മാസ്‌ക്‌ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. വന്നയുടൻ തന്നെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാൻ നിർദേശിക്കണം. പ്രായമായവരോടും കുട്ടികളോടും സ്‌പർശിച്ചു കൊണ്ടുള്ള സ്‌നേഹ പ്രകടനം കർശനമായി ഒഴിവാക്കുക. അവർക്ക് വിരുന്നുകാരിൽ നിന്ന് രോഗം വന്നാൽ അത് തീരാദുഃഖമാകും.

ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം പടരാന്‍ സാധ്യത കൂടുതല്‍. അതിനാല്‍ സാമൂഹിക അകലം പാലിച്ച് സദ്യക്ക് ഇലയിടണം. രോഗ ലക്ഷണമില്ലാത്തവരില്‍ നിന്നും വാക്‌സിന്‍ എടുത്തവരില്‍ നിന്നുപോലും രോഗം പകരാം എന്നതിനാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.

സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള 52 ശതമാനത്തിലധികം ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെങ്കിലും അതില്‍ ചെറുപ്പക്കാര്‍ കുറവാണ്. 18നും 44 വയസിന് മുകളിലുള്ള 38 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. മാത്രമല്ല കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്ത് തുടങ്ങിയിട്ടുമില്ല.

വാക്‌സിന്‍ എടുത്തവരുടെ അശ്രദ്ധ കാരണം പലപ്പോഴും വീണ്ടും രോഗം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ തന്നെ ജാഗ്രത തുടരേണ്ടതാണ്. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നവര്‍ മാസ്‌കിട്ട് മാത്രം ഫോട്ടോയെടുക്കുക. ഡെല്‍റ്റ വൈറസായതിനാല്‍ പെട്ടന്ന് വ്യാപനമുണ്ടാക്കും. അതിനാല്‍ അല്‍പം ശ്രദ്ധിച്ച് ഓണമാഘോഷിച്ചാല്‍ ഓണം കഴിഞ്ഞും ഈ സന്തോഷം നിലനിര്‍ത്താം.

Also Read: ഡ്രൈവ് ത്രൂ വാക്‌സിനേഷൻ; കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE