ലക്നൗ : സംസ്‌ഥാനത്ത് സ്‌ത്രീ സുരക്ഷക്കായി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാജ്യമൊട്ടാകെ ചര്‍ച്ചയതോടെയാണ് പുതിയ നീക്കവുമായി യോഗി രംഗത്ത് എത്തിയിരിക്കുന്നത്. സ്‌ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കര്‍ശന നിലപാട് എടുക്കുമെന്ന് അദ്ദേഹം പ്രചാരണത്തില്‍ പറഞ്ഞു. മിഷന്‍ ശക്‌തി എന്നാണ് ഒരു വര്‍ഷത്തെ പ്രചാരണ പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്.
ഹത്രസില്‍ ബലാല്‍സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സംഭവം ദേശീയ തലത്തില്‍ യുപി സര്‍ക്കാരിന് വലിയ ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്. സംഭവത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മറ്റും വലിയ പ്രക്ഷോഭം തന്നെ നടത്തുകയാണ്. ആ സാഹചര്യത്തിലാണ് ഇപ്പോള്‍ യോഗി മിഷന്‍ ശക്‌തിയുമായി എത്തിയിരിക്കുന്നത്. രാജ്യമൊട്ടാകെ അലയടിക്കുന്ന സ്‌ത്രീ രോഷം അടക്കുക തന്നെയാണ് അതിന്റെ ലക്ഷ്യമെന്ന് വ്യക്‌തമാണ്. ഒരു വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്‌ത്രീ വോട്ടര്‍മാരുടെ പ്രധാന്യം തന്നെയാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നും വ്യക്‌തമാണ്.
പ്രചാരത്തിന്റെ രണ്ടാം ഘട്ടത്തില്‍ സ്‌ത്രീകള്‍ക്കെതിരെ ആക്രണം നടത്തുന്നവര്‍ക്ക് സാമൂഹിക ബഹിഷ്‌കരണം ഉള്‍പ്പടെ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് യോഗിയുടെ പ്രഖ്യാപനം. അതേ സമയം തന്നെ ഹത്രസ് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെയും ഹാജരാക്കിയിട്ടില്ല. എന്നാല്‍ ഹത്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴി അറസ്‌റ്റ് ചെയ്‌ത സിദ്ധിഖ് കാപ്പാനെതിരെ കൂടുതല്‍ കേസുകള്‍ ചുമത്താനുള്ള നടപടി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പത്രപ്രവര്‍ത്തക യൂണിയനും കുടുംബവും അറിയിച്ചു.
Read also : ഐഎന്‍എസ് ചെന്നൈയില്‍ വെച്ച് നടന്ന ബ്രഹ്‌മോസിന്റെ പരീക്ഷണം വിജയിച്ചു