ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞുവെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡെൽഹിയിൽ ഓക്‌സിജൻ ആവശ്യകത കുറഞ്ഞുവെന്നും മിച്ചമുള്ള ഓക്‌സിജൻ ആവശ്യമുള്ള മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാൻ സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഡെൽഹിയിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത് തുടർച്ചയായി കുറയുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പ്രസ്‌താവന.
ഓക്‌സിജന്റെ ആവശ്യകത കുറയുകയും ആശുപത്രി കിടക്കകൾ ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്നു. 15 ദിവസം മുൻപ് ഞങ്ങൾക്ക് പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ ആവശ്യമായിരുന്നു. ഇപ്പോൾ ഡെൽഹിയിലെ ഓക്‌സിജൻ ആവശ്യകത പ്രതിദിനം 582 മെട്രിക് ടണ്ണായി കുറഞ്ഞു, മനീഷ് സിസോദിയ പറഞ്ഞു.
പ്രതിദിനം 582 മെട്രിക് ടൺ കൊണ്ട് തങ്ങളുടെ ആവശ്യം നടക്കുന്നുണ്ട്. ഡെൽഹിയുടെ ക്വാട്ടയിൽ നിന്ന് മിച്ചം വരുന്ന ഓക്‌സിജൻ മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാമെന്ന് അറിയിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തെഴുതിയെന്നും ഇദ്ദേഹം പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ദുരിതത്തിലായ ഡെൽഹിയിലെ ജനങ്ങളെ സഹായിച്ച കേന്ദ്രത്തിനും ഡെൽഹി ഹൈക്കോടതിക്കും ഇദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.
Read also: കോവിഡ്; യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു