ന്യൂഡെൽഹി: സ്വകാര്യ നാലുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞ് ഡെൽഹി സർക്കാർ. തിങ്കളാഴ്‌ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. “പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമലംഘനം ആണെങ്കിലും സ്വകാര്യ നാല് ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കേണ്ടതില്ല. പ്രസ്‌തുത വിജ്‌ഞാപനത്തിലെ ഈ വ്യവസ്‌ഥ പ്രകാരമുള്ള പിഴ 28.02.2022 മുതൽ സ്വകാര്യ ഫോർ വീലർ വാഹനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്നവർക്ക് ബാധകമല്ല,” – ഡിഡിഎംഎ (ഡെൽഹി ദുരന്തനിവാരണ അതോറിറ്റി) ഉത്തരവിൽ പറയുന്നു.
കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക്, അത് ഇനി ഒരാൾ ആയാൽപോലും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവ് ഉണ്ടായിരുന്നു. വെള്ളിയാഴ്‌ച ഡെൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. രാത്രി കർഫ്യൂ പിൻവലിച്ചു, തലസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളോടും ഏപ്രിൽ മുതൽ ഫിസിക്കൽ ക്‌ളാസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി.
പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ 2000 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചിട്ടുണ്ട്. ഡെൽഹിയിൽ കോവിഡ് കേസുകൾ കുറഞ്ഞ പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയത്. 440 കേസുകളാണ് ശനിയാഴ്‌ച ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത്. പോസിറ്റിവിറ്റി നിരക്ക് 0.83% ആയി കുറഞ്ഞു.
Most Read: വിഡി സതീശൻ പ്രതിപക്ഷ നേതാവല്ല, പരിചാരക നേതാവ്; കെ സുരേന്ദ്രൻ