പലസ്‌തീൻ ഐക്യദാർഢ്യ റാലി; സിപിഎം ക്ഷണത്തിൽ ലീഗിന്റെ തീരുമാനം നാളെ

ഏക സിവിൽ കോഡ് കാലത്തേ രാഷ്‌ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്‌ഥാന രാഷ്‌ട്രീയ വിഷയമല്ല, മറിച്ചു അന്താരാഷ്‌ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നമാണ് പലസ്‌തീൻ വിഷയമെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ടതില്ലെന്നും പിഎംഎ സലാം വ്യക്‌തമാക്കി.

By Trainee Reporter, Malabar News
; PMA Salam
Ajwa Travels

കോഴിക്കോട്: സിപിഎമ്മിന്റെ പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിൽ മുസ്‌ലിം ലീഗ് നാളെ തീരുമാനമെടുക്കും. വിഷയം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. ഇക്കാര്യത്തിൽ പാർട്ടി ആലോചിച്ചു തീരുമാനമെടുക്കും.

ഏക സിവിൽ കോഡ് കാലത്തേ രാഷ്‌ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്‌ഥാന രാഷ്‌ട്രീയ വിഷയമല്ല, മറിച്ചു അന്താരാഷ്‌ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നമാണ് പലസ്‌തീൻ വിഷയമെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ടതില്ലെന്നും പിഎംഎ സലാം വ്യക്‌തമാക്കി. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ വാക്കുക്കൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.

സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് ഏല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഎം ഇന്നലെ അവരുടെ പലസ്‌തീൻ റാലിയിലേക്ക് മുസ്‌ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ചുവെന്ന് പിഎംഎ സലാം വ്യക്‌തമാക്കിയിരുന്നു. അക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കണമെന്നാണ് നാളെ പാർട്ടി നേതാക്കൾ കൂടിച്ചേർന്ന് തീരുമാനിക്കുക.

നാളെ ഉച്ചക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരും. അതിനിടെ, സിപിഎമ്മിന്റെ റാലിയിൽ ലീഗ് സഹകരിക്കുമെന്നാണ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിസവം പറഞ്ഞത്. പലസ്‌തീൻ വിഷയത്തിൽ എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്.

കോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ ഈ മാസം 11ന് ആണ് സിപിഎം പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉൽഘാടനം ചെയ്യും. റാലിയിലേക്ക് രാഷ്‌ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. സമസ്‌ത അടക്കമുള്ള ഭൂരിഭാഗം മുസ്‌ലിം സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിനെ മാറ്റിനിർത്തി സിപിഎം നേതാക്കൾ മുസ്‌ലിം ലീഗിനെ റാലിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

Most Read| യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE