തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. വന്ദേഭാരത്, വാട്ടർ മെട്രോ പദ്ധതികൾ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ പത്തേകാലോടെ തലസ്‌ഥാനത്തെത്തുന്ന നരേന്ദ്ര മോദിക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ പത്തരയ്‌ക്ക് വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. അവിടെ കുട്ടികളുമായി സംവദിക്കുന്ന നരേന്ദ്രമോദി 11 മണിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും. വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ സര്‍വകലാശാലകളുടെ ഉൽഘാടനം എന്നിവ ഇവിടെ വെച്ചാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക.
വിവിധ റെയില്‍വേ സ്‌റ്റേഷനുകളുടെ വികസന പദ്ധതികള്‍, കേന്ദ്രം അനുവദിച്ച 3,200 കോടി രൂപയുടെ പദ്ധതികൾ എന്നിവയും ഉൽഘാടനം ചെയ്യും. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്‌പിജി കമാന്‍ഡോ സംഘത്തിന് പുറമെ കേരള പോലീസിലെ 1500 സുരക്ഷാ ഉദ്യോഗസ്‌ഥരേയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
രാവിലെ മുതൽ ഉച്ചയ്‌ക്ക് രണ്ട് മണിവരെ ഗതാഗത നിയന്ത്രണമുണ്ട്. സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ, തമ്പാനൂർ കെഎസ്ആര്‍ടിസി പരിസരങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. പ്രതിഷേധ സൂചനകളുണ്ടായാല്‍ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
Most Read: അരിക്കൊമ്പൻ എങ്ങോട്ട്? അന്തിമ തീരുമാനമായി- റിപ്പോർട് നാളെ കൈമാറും