ജീവൻ പണയംവെച്ച് രക്ഷിച്ചെടുത്തത് കുരുന്ന് ജീവൻ; മയൂർ ഷെൽക്കേക്ക് റെയിൽവേയുടെ പാരിതോഷികം

By News Desk, Malabar News
Ajwa Travels

മുംബൈ: ആറുവയസുകാരന്റെ ജീവിതത്തിലേക്ക് പാഞ്ഞടുത്ത ട്രെയിന് മുന്നിൽ പതറാതെ ഓടിയടുത്ത റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കേക്ക് കൈയ്യടിച്ച് രാജ്യം. റെയിൽവേ ട്രാക്കിലേക്ക് കാൽ തെറ്റി വീണ കുഞ്ഞിനെ ട്രെയിൻ എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ അൽഭുതകരമായി രക്ഷപ്പെടുത്തിയ മയൂരിന് റെയിൽവേ പാരിതോഷികം പ്രഖ്യാപിച്ചു. 50,000 രൂപയാണ് റെയിൽവേ പ്രഖ്യാപിച്ചത്.

മുംബൈയ്‌ക്കടുത്ത് വാൻഗണി റെയിൽവേ സ്‌റ്റേഷനിൽ ശനിയാഴ്‌ച വൈകിട്ട് അഞ്ചിനാണ് സംഭവം. കാഴ്‌ച ശക്‌തിയില്ലാത്ത അമ്മയുടെ കൈപിടിച്ച് ആറുവയസുള്ള ബാലൻ പ്‌ളാറ്റ്‌ഫോമിലൂടെ നടന്നുനീങ്ങവേ കാൽ തെറ്റി പാളത്തിൽ വീഴുകയായിരുന്നു. പാഞ്ഞുവരുന്ന ട്രെയിൻ കുട്ടിയുടെ ജീവനെടുക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കവേയാണ് അൽഭുതം പോലെ മയൂർ കുതിച്ചെത്തിയത്. ട്രെയിന് അഭിമുഖമായി ഓടിയെത്തിയ മയൂർ കുട്ടിയെ കോരിയെടുത്ത് പ്‌ളാറ്റ്‌ഫോമിലേക്ക് എറിഞ്ഞ് പിന്നാലെ ചാടിക്കയറി. കുട്ടി വീണുകിടന്ന സ്‌ഥലത്തുകൂടി 3 സെക്കന്റിനകം ഉദ്യാൻ എക്‌സ്‌പ്രസ് ട്രെയിൻ കടന്നുപോയി.

സ്വന്തം ജീവൻ പണയപ്പെടുത്തി മയൂർ രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ചയായത്. പിന്നാലെ, അഭിനന്ദനങ്ങൾ ഒഴുകുകയായിരുന്നു. നിരവധി പ്രമുഖർ സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ രംഗത്തെത്തിയിരുന്നു.

പ്രമുഖ കമ്പനിയായ മഹീന്ദ്രയുടെ മേധാവി ആനന്ദ് മയൂരിന് സ്‌നേഹസമ്മാനമായി നൽകുന്നത് പുതിയ മോഡൽ ‘താർ’ ആണ്. ട്വിറ്ററിൽ​ അഭിനന്ദനം അറിയിച്ച ശേഷമാണ്​ താർ സമ്മാനിക്കുന്ന വിവരം ആനന്ദ് മഹീന്ദ്ര അറിയിച്ചത്. ഷെൽക്കയുടെ ധീരതക്ക്​ ജാവ ​മോ​ട്ടോർ സൈക്കിൾ തങ്ങളുടെ പുതിയ വാഹനം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ, താൻ തന്റെ കടമ മാത്രമാണ് ചെയ്‌തത്‌ എന്നായിരുന്നു മയൂർ ഷെൽക്കേയുടെ പ്രതികരണം. അവനെ രക്ഷിക്കണം എന്ന ചിന്ത മാത്രമേ ആ സമയത്ത് തനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നും ഷെൽക്കേ പറയുന്നു. എങ്കിലും, രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഒന്നടങ്കം ഷെൽക്കേക്ക് പുതിയ വിശേഷണം തന്നെ നൽകിക്കഴിഞ്ഞു, ‘പോയിന്റ്‌സ്‌മാനല്ല, സൂപ്പർമാൻ’.

Also Read: സുരക്ഷാ കവചത്തിനൊപ്പം ശുദ്ധ വായുവും; തല മുഴുവൻ മൂടുന്ന ‘മാസ്‌കുമായി’ അലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE